സംഘര്‍ഷം തുടരുന്നു; മണിപ്പൂർ വഴിയുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി
|സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകളൊന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല
ഇംഫാല്‍: മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. ഇന്നും നാളെയുമുള്ള 4 ട്രെയിൻ സർവീസുകൾ ആണ് റദ്ദാക്കിയത്. സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകളൊന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല.
''സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകളൊന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല. ട്രെയിൻ ഗതാഗതം നിർത്തിവയ്ക്കാൻ മണിപ്പൂർ സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് തീരുമാനം''എൻഎഫ് റെയിൽവേയുടെ സിപിആർഒ സബ്യസാചി ദേ എ.എന്‍.ഐയോട് പറഞ്ഞു. പ്രതിരോധ നടപടിയെന്ന നിലയിൽ മണിപ്പൂർ സർക്കാർ അടുത്ത അഞ്ച് ദിവസത്തേക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങൾ നിർത്തിവച്ചു.സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ ഷൂട്ട് അറ്റ് സൈറ്റിന് ഗവര്‍ണര്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അക്രമം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ മാത്രം വെടിവെപ്പ് നടത്താനാണ് നിര്‍ദേശം. മണിപ്പൂരില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി.സംഘർഷ ബാധിത മേഖലകളിൽ നിന്നും ഒൻപതിനായിരം പേരെ ഇതിനോടകം മാറ്റിപാർപ്പിച്ചിട്ടുണ്ട്.
അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ സംസ്ഥാനത്ത് സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു.ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ, മോറെ, കാങ്‌പോക്‌പി മേഖലകളിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുസ്ഥിരമാണെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു. ഇംഫാലിലും ചുരാചന്ദ്‌പൂരിലും സാധാരണ നില പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി.
മണിപ്പൂരിൽ, ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തു, ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി.