India
മണിപ്പൂരിലെ സംഘർഷം സർക്കാർ സഹായത്തോടെയാണെന്ന പരാമര്‍ശം; ആനിരാജയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്
India

മണിപ്പൂരിലെ സംഘർഷം സർക്കാർ സഹായത്തോടെയാണെന്ന പരാമര്‍ശം; ആനിരാജയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

Web Desk
|
11 July 2023 8:26 AM GMT

ബിജെപി പ്രവർത്തകൻ എൽ. ലിബൻ സിംഗ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

ഇംഫാല്‍: സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജ ഉൾപ്പെടെയുള്ളവർക്കെതിരെ മണിപ്പൂർ പൊലീസ് രാജ്യദ്രോഹ കേസ് ചുമത്തി . മണിപ്പൂരിലെ സംഘർഷം സർക്കാർ സഹായത്തോടെയെന്ന പരാമര്‍ശത്തിനെതിരെ ബിജെപി പ്രവർത്തകൻ എൽ. ലിബൻ സിംഗ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ആനിരാജയുടെ സംഘത്തിലുണ്ടായിരുന്ന എൻ.എഫ്.ഐ.ഡബ്ല്യു നേതാവ് നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദീക്ഷ ദ്വിവേദിയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. രാജ്യദ്രോഹം ഉൾപ്പെടെ ഒന്‍പത് കുറ്റങ്ങളാണ് ഇവർക്കെതിരെ ഇൻഫാലിൽ ചുമത്തിയിരിക്കുന്നത്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺസ് നടത്തുന്ന വസ്തുതാന്വേഷണത്തിന്റെ ഭാഗമായാണ് മൂവരും മണിപ്പൂരിൽ സന്ദർശനം നടത്തി റിപ്പോർട്ട്‌ തയ്യാറാക്കിയത്.

ഡൽഹിയിലെ അഭിഭാഷകയായ ദീക്ഷാ ദ്വിവേദി അറസ്റ്റ് തടയണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. നാല് വർഷമായി ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന ദീക്ഷാ ദ്വിവേദിയുടെ പേരിലുള്ള രാജ്യദോഹ കുറ്റം ഒഴിവാക്കണമെന്ന് മുതിർന്ന അഭിഭാഷകനായ സിദ്ധാർഥ് ലുത്ര സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു . വീണ്ടും കേസെടുക്കുന്ന 14 വരെയാണ് അറസ്റ്റ് കോടതി തടഞ്ഞത്. സംസ്ഥാന സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല അജണ്ടയാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രിയും ഈ രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു .

സർക്കാർ പിന്തുണയോടെയുള്ള സംഘർഷം ആണ് നടക്കുന്നതെന്നും പൊലീസ് നിഷ്ക്രിയത്വം പാലിച്ചുവെന്നും സംഘം കണ്ടെത്തിയതായി ഡൽഹി നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു . ഇതിന് പിന്നാലെയാണ് കേസെടുത്തത്.

Similar Posts