India
manipur women paraded case in supreme court
India

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് ഇന്ന് സുപ്രിംകോടതിയിൽ

Web Desk
|
28 July 2023 1:05 AM GMT

വിചാരണ മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസിന്‍റെ വിചാരണ മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ ശിപാർശ നൽകിയെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം. ഇതിന് സുപ്രിംകോടതി അനുവാദം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു സർക്കാരിനോട് റിപ്പോർട്ട് തേടിയത്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സുപ്രിംകോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതിനിടെ മണിപ്പൂരിൽ കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം സർക്കാരിന്റെ ഭാഗത്ത് നിന്ന് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടയിലും പലയിടങ്ങളിലും സംഘർഷം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Similar Posts