സി.ബി.ഐ അറസ്റ്റിനെതിരെ മനീഷ് സിസോദിയ സുപ്രിംകോടതിയിൽ
|മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി
ഡല്ഹി: സി.ബി.ഐക്കെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രിം കോടതിയിൽ. മദ്യനയ അഴിമതിക്കേസിലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി .
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഹരജിയുമായി ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു . എന്നാൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് അറസ്റ്റെന്ന് സുപ്രിം കോടതിയുടെ മുൻകാല വിധി ഉദ്ധരിച്ച് സിസോദിയക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ് കോടതിയെ അറിയിച്ചു . ഇതോടെയാണ് അടിയന്തരമായി ഇന്ന് തന്നെ ഹരജി പരിഗണിക്കാൻ സുപ്രിം കോടതി തയ്യാറായത്. ഉച്ചയ്ക്ക് ശേഷം ഹരജി പരിഗണിക്കും.
അതേസമയം മദ്യനയ കേസിൽ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റോടെ ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രാജി വയ്ക്കണം എന്നാണ്. ബിജെ.പിയുടെ ആവശ്യം. മനീഷ് സിസോദിയയുടെ അറസ്റ്റിനെ മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പൻറെ ജയിൽവാസത്തിനോടാണ് രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ഉപമിച്ചിരിക്കുന്നത്.
ഹാഥ്റസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദീഖ് കാപ്പന്റെ അവസ്ഥയോടാണ് മനീഷ് സിസോദിയയുടെ അറസ്റ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് ഉപമിച്ചിരിക്കുന്നത്. രാജ്യത്തെ നിരവധി എഴുത്തുകാരും മാധ്യമപ്രവർത്തകരും ജയിലഴിക്കുള്ളിൽ ആണെന്നും അശോക് ഗെഹ്ലോട്ട് പറയുന്നു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സാധാരണക്കാരായ ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനീഷ് സിസോദ്യയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത കോൺഗ്രസ് ഡൽഹി പിസിസിയുടെ നിലപാടിന് കടകവിരുദ്ധമാണ് അശോക് ഗെഹ്ലോട്ടിൻ്റെ നിലപാട്. ഇത് ആദ്യമായാണ് മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ കോൺഗ്രസിന്റെ ദേശീയ നേതൃനിരയിലുള്ള ഒരാൾ പരസ്യമായി രംഗത്തെത്തുന്നത്.
സിസോദിയയുടെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധങ്ങൾ ഇന്നും ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് ആം ആദ്മി പാർട്ടിയുടെ നീക്കം. സംസ്ഥാന തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ആം ആദ്മി പാർട്ടി കേന്ദ്ര നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ കോടതി കസ്റ്റഡിയിൽ വിട്ട മനീഷ് സിസോദിയെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.