'സിസോദിയ ഇന്നോ നാളെയോ ജയിൽമോചിതനാകും, പക്ഷേ ബി.ജെ.പിയിൽ ചേരണമെന്ന് മാത്രം'; അരവിന്ദ് കെജ്‍രിവാൾ
|'ബി.ജെ.പിയുടെ ആരോപണങ്ങൾക്കിടയിലും സിസോദിയയുടെ വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ പണമൊന്നും കണ്ടെത്താൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല'
ന്യൂഡൽഹി: മനീഷ് സിസോദിയയുടെ അറസ്റ്റിലൂടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. 'മദ്യ കുംഭകോണം അതിനുള്ള പുകമറമാത്രമാാണ്. മനീഷ് സിസോദിയ ബി.ജെ.പിയിൽ ചേർന്നാൽ ഇന്നോ നാളെയോ അദ്ദേഹത്തെ ജയിൽമോചിതനാക്കുമെന്നും കെജ്‍രിവാൾ പറഞ്ഞു.
'ഇവിടുത്തെ പ്രശ്‌നം അഴിമതി അല്ല. ആം ആദ്മി മന്ത്രിമാർ ചെയ്തുവരുന്ന നല്ല പ്രവൃത്തികൾ ഇല്ലാതാക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'എഎപിയെ ഇല്ലാതാക്കാൻ ബിജെപി ആഗ്രഹിക്കുന്നു. പഞ്ചാബിൽ ഞങ്ങൾ ജയിച്ചതുമുതൽ അതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. 'വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലാണ് എഎപിയുടെ ഏറ്റവും മികച്ച പ്രവർത്തനം നടന്നത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ മനീഷ് സിസോദിയ മുഴുവൻ വിദ്യാഭ്യാസ മാതൃകയെയും മാറ്റിമറിച്ചു'.കെജ്‍രിവാൾ പറഞ്ഞു.
'മധ്യപ്രദേശും ഗുജറാത്തുമടക്കമുള്ള സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി മികച്ച പ്രവർത്തനമാണ് ആം ആദ്മി കാഴ്ചവെക്കുന്നത്. ബിജെപി സർക്കാറിന് ഒരു സ്‌കൂളോ ആശുപത്രിയോ ശരിയാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ബിജെപിയുടെ ആരോപണങ്ങൾക്കിടയിലും സിസോദിയയുടെ വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ പണമൊന്നും കണ്ടെത്താൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. 100 കോടി രൂപയുടെ ഇടപാടുകൾ നടത്തുന്ന ഒരാൾക്ക് ലഭിക്കുന്നത് ഏതാനും ലക്ഷം രൂപയാണ്. എന്നാൽ മനീഷ് സിസോദിയയുടെ വീട്ടിൽ നിന്ന് 10,000 രൂപ പോലും കണ്ടെത്തിയില്ല. ആഭരണങ്ങളൊന്നും കണ്ടെത്തിയില്ല'.. അദ്ദേഹം പറഞ്ഞു.
മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. അറസ്റ്റിന് പിന്നാലെ മനീഷ് സിസോദിയ മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന 18 വകുപ്പുകൾ ബാക്കിയുള്ള അഞ്ച് മന്ത്രിമാരിൽ രണ്ട് പേർക്കായി വിഭജിച്ചു.