മനീഷ് സിസോദിയ ജയിൽമോചിതനായി; പുറത്തിറങ്ങുന്നത് 17 മാസത്തിന് ശേഷം
|സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ച മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽമോചിതനായി. വൈകുന്നേരം തിഹാറിൽ ജയിലിൽ നിന്ന് ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് ആംആദ്മി പാർട്ടി പ്രവർത്തകരും നേതാക്കളുമാണ് പുറത്ത് തടിച്ചുകൂടിയത്. 'ഇൻക്വിലാബ് സിന്ദാബാദ്' മുദ്രാവാക്യം മുഴക്കി അവർ സിസോദിയയെ വരവേറ്റു.
17 മാസത്തിനു ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. 'രാവിലെ ജാമ്യ ഉത്തരവ് വന്നതു മുതൽ, എൻ്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ബാബാസാഹിബ് അംബേദ്കറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തോടുള്ള ഈ കടം ഞാൻ എങ്ങനെ വീട്ടുമെന്ന് എനിക്ക് മനസിലാകുന്നില്ല'- പുറത്തിറങ്ങിയതിനു പിന്നാലെ സിസോദിയ പ്രതികരിച്ചു.
'നിങ്ങളുടെ സ്നേഹത്തിനും ദൈവാനുഗ്രഹത്തിനും സത്യത്തിൻ്റെ ശക്തിക്കും ഉപരിയായി, അംബേദ്കറുടെ സ്വപ്നം കൊണ്ടാണ് ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഒരു സ്വേച്ഛാധിപത്യ സർക്കാർ അധികാരത്തിൽ വരികയും പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കുകയും ചെയ്താൽ ഈ രാജ്യത്തിൻ്റെ ഭരണഘടന അവരെ സംരക്ഷിക്കും'- അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ ഈ അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ജയിലിൽ നിന്ന് പുറത്തുവരുമെന്ന് താൻ ഉറപ്പ് നൽകുന്നതായും സിസോദിയ കൂട്ടിച്ചേർത്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം, കെജ്‌രിവാളിൻ്റെ ഡൽഹി സിവിൽ ലൈൻസ് ഏരിയയിലുള്ള വസതിയിലേക്ക് പോയി.
സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിലാണ് മനീഷ് സിസോദിയയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. 17 മാസമായി സിസോദിയ ജയിലിലാണെന്നും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ലെന്നും ഇതിലൂടെ വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഹനിക്കുകയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പാസ്പോർട്ട് ഹാജരാക്കണം, എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ജാമ്യം അനുവദിച്ചത്. 2023 ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐയെ അറസ്റ്റ് ചെയ്തത്.