India
Manish Sisodia sent to ED custody for seven days, Liqour Policy Scam Case
India

മനീഷ് സിസോദിയയെ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു

Web Desk
|
10 March 2023 1:39 PM GMT

10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.

ന്യൂ‍ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്ക് ആണ് സിസോദിയയെ സ്പെഷ്യൽ ജഡ്ജി ജസ്റ്റിസ് നാഗ്‌പാൽ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് സിസോദിയയെ മദ്യനയ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത്.

ഉച്ചയോടെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്ത 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. നേരത്തെ അറസ്റ്റിലായ അരുൺ രാമചന്ദ്രപിള്ള സിസോദിയയ്ക്കും കെജ്‌രിവാളിനും വേണ്ടിയാണ് ദക്ഷിണേന്ത്യൻ ലോബിയുടെ മുന്നിൽ ഇടനിലക്കാരനായതെന്ന് ഇ.ഡി ആരോപിച്ചു. തെളിവ് നശിപ്പിക്കാൻ എട്ട് ഫോണുകൾ ഈ കാലയളവിൽ സിസോദിയ ഒഴിവാക്കിയെ‌ന്നും ഇ.ഡി വാദിച്ചു.

എന്നാൽ അറസ്റ്റ് ചെയ്യുന്നത് അന്വേഷണ ഏജൻസികൾ അവകാശം പോലെ കാണുന്നു എന്ന് മനീഷ് സിസോദിയയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു. ഇതിൽ കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം 17ന് മനീഷ് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കും.

അതേസമയം, സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യാപേക്ഷ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്ന മാർച്ച് 21ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കാൻ മാറ്റി. കേസിൽ ഇന്ന് പരി​ഗണിക്കാനിരുന്ന ജാമ്യാപേക്ഷ സമയക്കുറവ് കാരണമാണ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്.

Similar Posts