ഡൽഹി മദ്യ നയ അഴിമതി കേസ്; മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
|പഠനാവശ്യങ്ങൾക്കായി കസേരയും മേശയും വേണമെന്ന സിസോദിയയുടെ അപേക്ഷ പരിഗണിക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്
ഡൽഹി: മദ്യ നയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ജൂൺ ഒന്ന് വരെയാണ് കസ്റ്റഡി നീട്ടിയത്. ഡൽഹി റോസ് അവന്യൂ കോടതിയുടെതാണ് നടപടി. പഠനാവശ്യങ്ങൾക്കായി കസേരയും മേശയും വേണമെന്ന സിസോദിയയുടെ അപേക്ഷ പരിഗണിക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. അഴിമതിക്കേസ് സി.ബി.ഐയും സാമ്പത്തിക ക്രമക്കേട് ഇ.ഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യവ്യാപാരികൾക്ക് അനുകൂലമാകുന്നത തരത്തിൽ ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികൾ കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്. ക്രമക്കേട് ആരോപിക്കപ്പെടുന്ന എക്‌സൈസ് വകുപ്പിന്റെ ചുമതല സിസോദിയയ്ക്കായിരുന്നു. വിവാദമായതോടെ പുതിയ നയം പിൻവലിച്ചിരുന്നു.