'വയസ് 90, ഗുരുതരരോഗം; എന്നിട്ടും!'-ഡല്‍ഹി ബില്ലിനെ എതിര്‍ക്കാന്‍ വീൽചെയറിൽ സഭയിലെത്തി മന്‍മോഹന്‍ സിങ്
|തിങ്കളാഴ്ച സുപ്രധാനമായ വിഷയങ്ങൾ ചർച്ചയ്ക്കു വരുന്നതുകൊണ്ടു രാജ്യസഭയിലുണ്ടാകണമെന്ന് കോൺഗ്രസ് എം.പിമാർക്ക് വിപ്പ് നൽകിയിരുന്നു
ന്യൂഡൽഹി: ഡൽഹി ഭരണനിയന്ത്രണ ബില്ലിൽ വോട്ട് രേഖപ്പെടുത്താൻ വീൽചെയറിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യസഭയിലെത്തി. വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ലോക്‌സഭയിൽ പാസായ ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി സര്‍വിസസ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
തിങ്കളാഴ്ച സുപ്രധാനമായ വിഷയങ്ങൾ ചർച്ചയ്ക്കു വരുന്നതുകൊണ്ടു രാജ്യസഭയിലുണ്ടാകണമെന്ന് കോൺഗ്രസ് എം.പിമാർക്ക് വിപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ ഒരാളും വീഴ്ചവരുത്തരുതെന്നും പാർട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നും വിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇത് അക്ഷരംപ്രതി പാലിച്ചാണ് അവശതകൾക്കും ഗുരുതരരോഗങ്ങൾക്കുമിടയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മൻമോഹൻ സിങ് സഭയിലെത്തിയത്.
രാജ്യസഭയിൽ മൻമോഹൻ സിങ് വീൽചെയറിലിരിക്കുന്ന രംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ശക്തനായ പ്രധാനമന്ത്രി മാത്രമല്ല, പാർലമെന്ററി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വലിയ വിലനൽകുന്ന അർപ്പണബോധവും അന്തസ്സുമുള്ള നേതാവുകൂടിയാണെന്നാണ് മൻമോഹൻ സിങ് തെളിയിച്ചിരിക്കുന്നതെന്നു ചിത്രം പങ്കുവച്ച് കോൺഗ്രസ് കേരള ട്വീറ്റ് ചെയ്തു. പ്രായം 90 വയസായിട്ടും ഗുരുതരരോഗിയായിട്ടും വീൽചെയറിലായിട്ടും ഡോ. മൻമോഹൻ സിങ് രാജ്യസഭയിലെത്തി തന്റെ ഉത്തരവാദിത്തം നിർവഹിച്ചു. ക്രൂരമായ ഡൽഹി സർവിസസ് ഭേദഗതി ബില്ലിനെതിരെ അദ്ദേഹം വോട്ട് രേഖപ്പെടുത്തുകയും ചെയ്‌തെന്നും ട്വീറ്റിൽ പറയുന്നു.
അമിത് ഷാ ബിൽ അവതരിപ്പിച്ചപ്പോൾ ലോക്‌സഭയിലേതിനു സമാനമായ രംഗങ്ങളാണു രാജ്യസഭയിലുമുണ്ടായത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പലവട്ടം നിർത്തിവച്ച സഭയിൽ ഇന്നലെ രാത്രിയോടെയാണ് ബിൽ പാസാക്കുന്നത്. പ്രതിപക്ഷ വിശാലസഖ്യമായ ഇൻഡ്യ ബില്ലിനെ ശക്തമായി എതിർത്തു സഭയ്ക്കകത്ത് വൻ പ്രതിഷേധമുയർത്തി. ഒടുവിൽ 29 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിൽ പാസായത്. 102 അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തപ്പോൾ 131 പേർ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളിൽ ഡൽഹി സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ബിൽ. ബിൽ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ഇതു നിയമമായി മാറും.
Summary: Former Prime Minister Manmohan Singh came to the Parliament in a wheelchair to participate in the Rajya Sabha session where The Government of National Capital Territory of Delhi (Amendment) Bill, 2023 is being discussed.