കിലോക്ക് വില ഒരു ലക്ഷം; ഉയരം കൂടുമ്പോൾ രുചികൂടുന്ന 'മനോഹരി' ചായ
|വിളവെടുപ്പിൽ യന്ത്രങ്ങളൊന്നും തന്നെ ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.ഇതിനൊക്കെ ചെലവ് കൂടുന്നതിനാൽ ഉൽപാദനം കുറയും. ഈ വർഷം 10 കിലോ ഗ്രാം തേയില പ്രതീക്ഷിച്ചെങ്കിലും 2.5 കിലോഗ്രാം മാത്രമാണ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞതെന്ന് ഉടമസ്ഥൻ രാജൻ ലോഹ്യ പറയുന്നു.
ഒരുകിലോ തേയിലക്ക് എത്ര രൂപയായിരിക്കും? ഏറിയാൽ ഇരുനൂറ്റൻപതോ മുന്നൂറോ രൂപ. എന്നാൽ അസമിലെ തേയിലക്ക് വില അൽപ്പം കൂടുതലാണ്. കിലോക്ക് ഒരു ലക്ഷം രൂപ.
ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കിൽ വിറ്റഴിക്കപ്പെടുന്ന തേയിലയാണ് മനോഹരി ഗോൾഡ് ടീ. നിലവിൽ ഒരു ലക്ഷം രൂപക്കാണ് തേയില ലേലം ചെയ്തത്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന വിലയിൽ ഒരു തേയില വിൽക്കുന്നത്. ആറ് വർഷം മുൻപാണ് അസം ഗോൾഡ് ടീയുടെ സ്ഥാപകനും ഡയറകടറുമായ രാജൻ ലോഹ്യ 100 വർഷത്തിലേറെ പഴക്കമുള്ള തേയിലത്തോട്ടങ്ങൾ വാങ്ങുന്നത്. തുടർന്ന് സൺടോക് ഗവേഷണ കേന്ദ്രമാണ് മനോഹരി ടീ വികസിപ്പിച്ചെടുത്തത്.
മനോഹരി ഗോൾഡ് ടീയുടെ പ്രത്യേകതകൾ?
അസമിലെ മനോഹരി ചായക്ക് സവിശേഷതകൾ എറെയാണ്. പാലോ പഞ്ചസാരയോ ചേർക്കേണ്ടതില്ല. മറ്റു ചായയെ പോലെ കയ്പില്ല. മൺസൂണിലെ ജൂൺ-ജൂലൈ മാസങ്ങളാണ് തേയിലയുടെ വിളവെടുപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിളവെടുപ്പിന് ഏറ്റവും മികച്ച സമയമാണിത്. രാവിലെ അഞ്ചിന് തുടങ്ങി ഏഴ് മണി ആവുമ്പോഴേക്കും വിളവെടുപ്പ് പൂർത്തിയാക്കും.
വിളവെടുപ്പിൽ യന്ത്രങ്ങളൊന്നും തന്നെ ഉപയോഗിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.ഇതിനൊക്കെ ചെലവ് കൂടുന്നതിനാൽ ഉൽപാദനം കുറയും. ഈ വർഷം 10 കിലോ ഗ്രാം തേയില പ്രതീക്ഷിച്ചെങ്കിലും 2.5 കിലോഗ്രാം മാത്രമാണ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞതെന്ന് ഉടമസ്ഥൻ രാജൻ ലോഹ്യ പറയുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര തേയില ദിനത്തിൽ ഗുവാഹത്തിയിൽ നടന്ന പ്രത്യേക ലേലത്തിൽ തളിരിലയിൽ നിന്നുൽപാദിപ്പിച്ച വെള്ളത്തേയില കിലോയ്ക്ക് 27,000 രൂപ വരെ ലഭിച്ചു. അന്നേ ദിവസം തമിഴ് നാട്ടിലെ കൂനൂരിൽ നടത്തിയ ലേലത്തിൽ നീലഗിരി ആസ്ഥാനമായുള്ള അവതാ ടീ കമ്പനിയുടെ സിൽവർ നീഡിൽ വൈറ്റ് ടീ കിലോയ്ക്ക് 16,400 രൂപയും ലഭിച്ചു. ദക്ഷിണേന്ത്യയിലെ റെക്കോർഡ് വിലയാണിത്.
ഇതിന് പുറമെ ഒലോംഗ് ടീ, ലോംഗ് ഡിൻ ഗ്രീൻ ടീ, വൈറ്റ് ടീ എന്നിങ്ങനെ നിരവധി വിലപിടിപ്പുള്ള തേയിലകളും നിലവിലുണ്ട്. ആവശ്യമുള്ളവർക്ക് മനോഹരി ചായ ഓൺലൈൻ വഴിയോ റീട്ടെയിൽ വഴിയോ സ്വന്തമാക്കാം. എന്നാൽ കമ്പനിയിലും ലേല കേന്ദ്രത്തിലും ഓൺലൈൻ വഴി മാത്രമേ വിൽപനയുള്ളു. ലേലങ്ങളിലും പ്രത്യേക അവസരങ്ങളിലും മാത്രമാണ് തേയില വിൽപന നടത്തുന്നത്. ഇരുപത് ഗ്രാമിന് 2,700 രൂപയാണ് നിലവിലെ റീടെയിൽ വില.