വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്ത പ്രണയവും വിവാഹവും: രാജ്യത്ത് കൊല്ലപ്പെടുന്നത് നൂറു കണക്കിന് പേരെന്ന് ചീഫ് ജസ്റ്റിസ്
|'377-ാം വകുപ്പ് ഒരു കാലഘട്ടത്തിലെ സദാചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങൾ അനീതി തിരുത്തി'
ഡല്‍ഹി: രാജ്യത്ത് നൂറു കണക്കിന് പേര് ഓരോ വര്‍ഷവും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുന്നുവെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ആരെയെങ്കിലും പ്രണയിച്ചതോ തങ്ങളുടെ ജാതിക്ക് പുറത്തുള്ളയാളെ കല്യാണം കഴിച്ചതോ കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി കല്യാണം കഴിച്ചതോ ആണ് കൊലപാതകത്തിന് കാരണം. നിയമവും സദാചാരവും എന്ന വിഷയത്തില്‍ മുംബൈയില്‍ പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ഉത്തര്‍പ്രദേശില്‍ 1991ല്‍ നടന്ന ഒരു ദുരഭിമാനക്കൊല ചീഫ് ജസ്റ്റിസ് ഉദ്ധരിച്ചു. 15കാരിയായ പെണ്‍കുട്ടിയെ മാതാപിതാക്കളാണ് കൊലപ്പെടുത്തിയത്. ഗ്രാമീണര്‍ക്ക് ഈ കൊലപാതകം സ്വീകാര്യമായിരുന്നു. അവരതിനെ ന്യായീകരിച്ചു. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ പെരുമാറ്റച്ചട്ടം പാലിക്കപ്പെട്ടുവെന്നാണ് അവര്‍ കരുതുന്നത്. അപ്പോള്‍ ആരാണ് സമൂഹത്തിലെ പെരുമാറ്റച്ചട്ടം തീരുമാനിക്കുന്നത്? പ്രബല സമുദായത്തിന്റെ സദാചാരം അടിച്ചേല്‍പ്പിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
"ദുർബലര്‍ക്കും പാർശ്വവൽക്കരിക്കപ്പെട്ടവര്‍ക്കും സ്വന്തം നിലനിൽപ്പിനായി ആധിപത്യ സംസ്കാരത്തിന് കീഴടങ്ങേണ്ടിവരുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് അടിച്ചമർത്തൽ കാരണം ഒരു പ്രതി സംസ്കാരം സൃഷ്ടിക്കാൻ കഴിയുന്നില്ല. അതിന് ആരെങ്കിലും ശ്രമിച്ചാല്‍ അവരെ അന്യവല്‍ക്കരിക്കുന്നു. ദുര്‍ബലരെ സാമൂഹിക ഘടനയുടെ ഏറ്റവും താഴെയായി നിർത്തുന്നു"- ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇന്ത്യയിലെ സ്വവർഗരതി കുറ്റകരമല്ലാതാക്കിയ സുപ്രിംകോടതി വിധിയും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു- "ഞങ്ങൾ അനീതി തിരുത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 377-ാം വകുപ്പ് ഒരു കാലഘട്ടത്തിലെ സദാചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭരണഘടനാപരമായ ധാർമികത വ്യക്തികളുടെ അവകാശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സമൂഹത്തിലെ സദാചാര സങ്കൽപ്പങ്ങളിൽ നിന്ന് അതിനെ സംരക്ഷിക്കുകയും ചെയ്യുന്നു".
Summary- Hundreds of young people die in India due to dishonour killings merely because they love someone or marry outside their caste or against their family's wishes, Chief Justice of India (CJI) DY Chandrachud said on Saturday