മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്ന് വോട്ടെടുപ്പ്; കനത്ത സുരക്ഷ
|തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്
ന്യൂഡൽഹി: സുരക്ഷാസേന മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്ന് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാൽ കനത്ത സുരക്ഷ വലയത്തിലാണ് മേഖല. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട് മൂന്നാം നാളാണ് ബസ്തർ പോളിങ് ബൂത്തിലേക്ക് പോകുന്നത്. പ്രത്യാക്രമണ ഭീഷണിയിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. 14,72,207 വോട്ടർമാരുള്ള മണ്ഡലത്തിൽ 197 പോളിങ് ബൂത്തുകളുണ്ട്. പ്രശ്നബാധിതമായ 175 ബൂത്തുകളിൽ രാവിലെ 7 മുതൽ വൈകിട്ട് 3 വരെയാണ് വോട്ടെടുപ്പ്. സംസ്ഥാന പൊലീസിന്റെ വിവിധ യൂണിറ്റുകൾക്ക് പുറമേ 300 കമ്പനി സിആർപിഎഫും 350 കമ്പനി ബിഎസ്എഫും. ആകെ 60,000 ത്തിൽ അധികം സേനാംഗങ്ങളാണ് സുരക്ഷയൊരുക്കുന്നത്.
11 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. മുൻമന്ത്രി ഖവാസി ലഖ്മ കോൺഗ്രസിനായും ദീപക് കശ്യപാണ് ബി.ജെ.പി സ്ഥാനാർഥിയായും മൽസരിക്കുന്നു. മോദിയും രാഹുൽ ഗാന്ധിയുമുൾപ്പെടെ പ്രചാരണത്തിന് എത്തിയിരുന്നു. രാജ്യം നക്സലൈറ്റ് വിമുക്തമാക്കുമെന്നാണ് മാവോയിസ്റ്റുകളെ കൊല്ലപ്പെട്ടതിനുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്. ബിജെപി ഭരണകാലത്ത് വ്യാജ ഏറ്റുമുട്ടലുകൾ വർധിക്കുന്നതായി മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ആരോപിച്ചു. മാവോയിസ്റ്റു ഭീഷണിയുള്ള മറ്റു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.