ഛത്തീസ്ഗഡിൽ ബി.ജെ.പി നേതാവിനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
|കഴിഞ്ഞദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കങ്കേർ ജില്ലക്ക് സമീപമാണ് നാരയൺപൂർ ജില്ല
റായ്പൂർ: ഛത്തീസ്ഗഡിലെ ലെ നാരായണപൂർ ജില്ലയിൽ ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഫറാസ്ഗാവിലെ ദണ്ഡവനിലെ നേതാവായ പഞ്ചം ദാസ് മണിക്പുരിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം പൊലീസിന് വേണ്ടി ജോലി ചെയ്തെന്ന് നക്സലുകൾ ആരോപിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മാവോയിസ്റ്റുകൾ കൊലപ്പെടുത്തുന്ന ഒമ്പതാമത്തെ ബിജെപി പ്രവർത്തകനാണ് പഞ്ചം ദാസ് മണിക്പുരി. ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
കഴിഞ്ഞദിവസം മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടന്ന കങ്കേർ ജില്ലക്ക് സമീപമാണ് നാരയൺപൂർ ജില്ല. 29 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ആ ഏറ്റുമുട്ടലിന്റെ പ്രതികാരനടപടിയായാണ് ബി.ജെ.പി പ്രവർത്തകനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം.
മാവോയിസ്റ്റ് വെസ്റ്റ് ബസ്തർ ഡിവിഷൻ കമ്മിറ്റി കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും പഞ്ചം ഗൗനിച്ചില്ലെന്നും അതുകൊണ്ടാണ് കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് കൊലപ്പെടുത്തിയതെന്നും മാവോയിസ്റ്റുകൾ അവകാശപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണി ഉള്ളതിനാൽ കനത്ത സുരക്ഷ വലയത്തിലാണ് മേഖല. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. 14,72,207 വോട്ടർമാരുള്ള മണ്ഡലത്തിൽ 197 പോളിങ് ബൂത്തുകളുണ്ട്. പ്രശ്നബാധിതമായ 175 ബൂത്തുകളിൽ രാവിലെ 7 മുതൽ വൈകിട്ട് 3 വരെയാണ് വോട്ടെടുപ്പ്. സംസ്ഥാന പൊലീസിന്റെ വിവിധ യൂണിറ്റുകൾക്ക് പുറമേ 300 കമ്പനി സിആർപിഎഫും 350 കമ്പനി ബിഎസ്എഫും. ആകെ 60,000 ത്തിൽ അധികം സേനാംഗങ്ങളാണ് സുരക്ഷയൊരുക്കുന്നത്.