ഓഡിയോ ലീക്കായി; വിഷം കഴിച്ച് മരിക്കാൻ ശ്രമിച്ച് മറാത്താ ക്രാന്തി മോർച്ച മേധാവി
|ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
മുംബൈ: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് മറാത്താ ക്രാന്തി മോർച്ച മേധാവി രമേശ് ഷേക്നാഥ് കേരെ. ഫേസ്ബുക്ക് ലൈവിലെത്തിയാണ് രമേശ് ഷേക്നാഥ് ആത്മഹത്യാ ശ്രമം നടത്തിയത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ എം.ആർ.എ മാർഗ് പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റമടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
വിവേകാനന്ദ് ബബർ, അനിരുദ്ധ് ഷൈലാർ, യോഗേഷ് കേദാർ, സന്ദീപ് പോൾ ബാലാസാഹേബ് സരാതേ, വിശാൽ പവാർ, നിതിൻ കാദം, പ്രദീപ് കെൻസെ എന്നിവർക്കും മറ്റു ചിലർക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി 306, 500, 511 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒരു ഓഡിയോ ചോർത്തി രമേഷ് കേരെയെ അപകീർത്തിപ്പെടുത്തിയെന്നാണ് ഇവർക്കെതിരായ ആരോപണം. മറാത്താ മോർച്ചയ്ക്ക് വേണ്ടി സ്വരൂപിച്ച ഫണ്ടുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് ആയിരുന്നു അത്. ഫണ്ട് മാനേജ്‌മെന്റ് പോളിസി രമേശ് ദുരുപയോഗം ചെയ്‌തെന്നാണ് ഉയർന്ന ആരോപണം.
എന്നാൽ ഓഡിയോ ക്ലിപ്പ് വൈറലായതിന് പിന്നാലെ അടിസ്ഥാനരഹിതമായ കാരണങ്ങളാൽ ആളുകൾ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് രമേശ് കേരെ ആരോപിച്ചു. താൻ അതിന്റെ ഭാഗമല്ലെന്നും കേരെ പറഞ്ഞു. പിന്നീട് കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവ് ചെയ്ത് എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.