India
Farmers’ protest

കര്‍ഷക സമരത്തില്‍ നിന്ന്

India

നാലാം വട്ട ചർച്ചയും പരാജയപ്പെട്ടു; കർഷകരുടെ സമരം തുടരും

Web Desk
|
20 Feb 2024 1:41 AM GMT

കേന്ദ്രത്തിന്‍റെ നിർദേശങ്ങളിൽ കർഷകർക്ക് ഗുണമുള്ള ഒന്നും തന്നെയില്ലെന്ന് നേതാക്കൾ പറഞ്ഞു

ഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ കാർഷികവിരുദ്ധനയങ്ങൾക്കെതിരായ കർഷകരുടെ സമരം തുടരും. കർഷക നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള നാലാം വട്ട ചർച്ചയും പരാജയപ്പെട്ടു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ കർഷകർ തള്ളി. കേന്ദ്രത്തിന്‍റെ നിർദേശങ്ങളിൽ കർഷകർക്ക് ഗുണമുള്ള ഒന്നും തന്നെയില്ലെന്ന് നേതാക്കൾ പറഞ്ഞു.

അഞ്ചുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താങ്ങുവിലയുറപ്പാക്കി അഞ്ച് തരം വിളകൾ സംഭരിക്കാം എന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിർദേശം.കാർഷിക രംഗത്തെ വിദഗ്ധരുമായും സമരത്തിനില്ലാത്ത മറ്റു കർഷക സംഘടനകളുമായും നടത്തിയ കൂടിയാലോചനകള്‍ ശേഷമാണ് നിർദേശം തള്ളുന്നതായി കർഷക നേതാക്കൾ അറിയിച്ചത്.നാലാം വട്ട ചർച്ചയില്‍ സര്‍ക്കാര്‍വെച്ച നിര്‍ദേശത്തില്‍ കര്‍ഷകര്‍ക്ക് ഗുണമുള്ള ഒന്നുമില്ല. തങ്ങളുടെ സമരം തുടരുമെന്നും കർഷകർ വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ മറുപടിക്കായി കർഷകർ നാളെ കൂടി കാത്തിരിക്കും.അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ ഡൽഹി ചലോ മാർച്ച് പുനഃരാരംഭിക്കും എന്നും കർഷകർ വ്യക്തമാക്കി. ശംഭു അതിർത്തിയിൽ കര്‍ഷകര്‍ക്കുനേരേയുള്ള പോലീസ് അതിക്രമത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു.സമരത്തിന്‍റെ ഭാഗമല്ലെങ്കിലും സംയുക്ത കിസാൻ മോർച്ച ഡൽഹി ചലോ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ കേന്ദ്രസർക്കാർ ആശങ്കയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകരുടെ പ്രതിഷേധം തിരിച്ചടി ഉണ്ടാക്കും എന്നാണ് ബി.ജെ.പി വിലയിരുത്തൽ .

Similar Posts