'വിവാഹമെന്നത് ഉള്ളിലെ ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ല': കര്‍ണാടക ഹൈക്കോടതി
|ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് കോടതിയുടെ പരാമര്‍ശം
വിവാഹമെന്നത് മനസ്സിനുള്ളിലെ ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള ലൈസന്‍സല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ചുമത്താന്‍ അനുമതി നല്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ഭര്‍തൃ ബലാത്സംഗം സംബന്ധിച്ച് ജസ്റ്റിസ് എം നാഗപ്രസന്നയാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
"ഭര്‍ത്താവിന്റെ ലൈംഗികാതിക്രമം ഭാര്യയുടെ മാനസികാവസ്ഥയില്‍ ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കും. ഇത് ഭാര്യയില്‍ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാക്കും. ഭര്ത്താക്കന്മാരുടെ ഇത്തരം പ്രവൃത്തികള്‍ ഭാര്യമാരുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുന്നു. അതിനാൽ നിയമനിർമാതാക്കൾ ഇപ്പോൾ നിശബ്ദരുടെ ശബ്ദം കേൾക്കേണ്ടതുണ്ട്"- കോടതി നിരീക്ഷിച്ചു.
ഭര്ത്താക്കന്മാര് ഭാര്യമാരുടെ ശരീരവും മനസ്സും ആത്മാവും അടക്കി ഭരിക്കുന്ന ഭരണാധികാരികളാണെന്നുള്ള പുരാതനമായ ചിന്തയും കീഴ്വഴക്കവും അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. പുരാതനവും പിന്തിരിപ്പനും മുൻവിധി നിറഞ്ഞതുമായ ഈ ധാരണ കാരണമാണ് ഇത്തരം കേസുകള്‍ രാജ്യത്ത് പെരുകുന്നതെന്നും ഉത്തരവില്‍ പറയുന്നു.
നിരന്തരം ആവശ്യമുയര്‍ന്നിട്ടും ഇന്ത്യയിൽ വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമല്ല. വൈവാഹിക ബലാത്സംഗം കുറ്റമായി അംഗീകരിക്കണമോ എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. നിയമ നിര്‍മാണ സഭയാണ് അത് പരിഗണിക്കേണ്ടത്. ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കപ്പെട്ട ഭർത്താവിനുമേൽ ബലാത്സംഗ കുറ്റം ചുമത്തുന്നത് മാത്രമാണ് ഈ കോടതിയുടെ പരിഗണനയിലുള്ളതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ഭര്‍ത്താവ് വിവാഹ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ലൈംഗിക അടിമയെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നാണ് സ്ത്രീയുടെ പരാതി. തന്റെ ഭര്‍ത്താവിനെ മനുഷ്യത്വമില്ലാത്തയാള്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. തന്റെ മകളുടെ മുന്നിൽ പോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചെന്ന് സ്ത്രീ പറയുന്നു. ഭർത്താവായതിനാൽ മാത്രം ബലാത്സംഗക്കേസിൽ നിന്ന് പുരുഷനെ ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.
പല രാജ്യങ്ങളും വൈവാഹിക ബലാത്സംഗം കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിലെ 50 സ്റ്റേറ്റുകള്‍, 3 ഓസ്ട്രേലിയൻ സംസ്ഥാനങ്ങൾ, ന്യൂസിലാൻഡ്, കാനഡ, ഇസ്രായേൽ, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, സോവിയറ്റ് യൂണിയൻ, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.