'ഗ്യാൻവാപി സർവേ തടയണം'; മസ്‍ജിദ് കമ്മിറ്റി സുപ്രിംകോടതിയില്‍
|സർവേ തടയണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു
ന്യൂഡൽഹി: ഗ്യാൻവാപിയിൽ സർവേ നടത്തുന്നതിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി. എ.എസ്.ഐ(ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് അൻജുമനെ ഇൻതിസാമിയ മസ്ജിദ് ഭാരവാഹികൾ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്.
അലഹബാദ് ഹൈക്കോടതി വിധി വന്നു മണിക്കൂറുകൾക്കു പിറകെയാണ് മസ്ജിദ് കമ്മിറ്റിയുടെ നീക്കം. സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിലെ വരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു ഇന്ന് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് സർവേ നടത്താൻ അനുവാദം നൽകിയിരിക്കുകയാണ് കോടതി.
ഹിന്ദു ക്ഷേത്രം തകർത്താണോ പള്ളി നിർമിച്ചതെന്ന് നിർണയിക്കാനുള്ള ഏക മാർഗം സർവേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ജൂലൈ 21ന് വരാണസി കോടതിയാണ് പുരാവസ്തു വകുപ്പിൻറെ സർവേയ്ക്ക് ഉത്തരവിട്ടത്. ജൂലൈ 24ന് സർവേ തുടങ്ങുകയും ചെയ്തു.
തുടർന്ന് മസ്ജിദ് കമ്മറ്റി സർവേക്കെതിരെ ആദ്യം സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയുടെ നിർദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മസ്ജിദിന്റെ കെട്ടിടത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്നും സർവേയുടെ ഭാഗമായുള്ള കുഴിയെടുക്കൽ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.
തുടർച്ചയായ മൂന്ന് ദിവസത്തെ വാദംകേൾക്കലിനുശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സർവേ നടപടികൾ പൂർത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിർദേശം നൽകി.
Summary: Anjuman Intezamia Masjid committee moves SC against HC order allowing ASI survey at Gyanvapi mosque