India
കൊല്ലപ്പെട്ട കുക്കികളെ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം; മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത
India

കൊല്ലപ്പെട്ട കുക്കികളെ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം; മണിപ്പൂരിൽ വീണ്ടും സംഘർഷ സാധ്യത

Web Desk
|
4 Aug 2023 12:09 PM GMT

മെയ്‌തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലാണ് കുക്കി സമുദായം കൂട്ടസംസ്‌കാരം നിശ്ചയിച്ചിരുന്നത്

ഡൽഹി: മണിപ്പൂരിലെ അക്രമത്തിൽ കൊല്ലപ്പെട്ട കുക്കികളുടെ കൂട്ട സംസ്‌കാരം മാറ്റിവയ്ക്കാൻ തീരുമാനം. കൊല്ലപ്പെട്ട 35 കുക്കികളുടെ സംസ്കാരം മിസോറാം മുഖ്യമന്ത്രി സോറാംതംഗയുടെ ഇടപെടലിനെ തുടർന്നാണ് തദ്ദേശീയ ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) മാറ്റിവെച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്‌എ) അഭ്യർത്ഥനയെ തുടർന്നായിരുന്നു സോറാംതംഗയുടെ ഇടപെടൽ.

കുക്കികൾ കൂട്ടത്തോടെ സംസ്കരിക്കാനുള്ള തീരുമാനം മെയ്തേയ് വിഭാഗക്കാർക്കിടയിൽ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. സംസകാരത്തിനായി തിരഞ്ഞെടുത്ത സ്ഥലത്തെ ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നത്. മെയ്‌തെയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ബൊല്‍ജാങ്ങിലാണ് കുക്കി സമുദായം കൂട്ടസംസ്‌കാരം നിശ്ചയിച്ചിരുന്നത്.

മണിപ്പൂർ ഹൈക്കോടതിയും ഇന്ന് രാവിലെ വിഷയത്തിൽ ഇടപെട്ട് തൽസ്ഥിതി ആവശ്യപ്പെട്ടിരുന്നു. 5 മണിക്ക് വാദം കേട്ട ശേഷം ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നടപടി കോടതി തടയുകയും ചെയ്തിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരൻ, ജസ്റ്റിസ് എ.ഗുണേശ്വർ ശർമ എന്നിവരാണ് വാദം കേട്ടത്. ഈ മാസം ഒൻപത് വരെ തല്‍സ്ഥിതി തുടരണമെന്നാണ് കോടതി ഉത്തരവ്. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് കോടതി വ്യക്തമാക്കി.

വിഷയത്തിൽ "സൗഹാർദപരമായ ഒത്തുതീർപ്പുകൾ" കൊണ്ടുവരാൻ ശ്രമിക്കാനും കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ പ്രതികരണം അറിയിക്കാൻ മണിപ്പൂർ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ട കോടതി ഓഗസ്റ്റ് 9 ന് കേസ് വീണ്ടും പരിഗണിക്കും.

Similar Posts