'ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാകും, കോൺഗ്രസിലേക്ക് കൂട്ടത്തോടെ നേതാക്കളെത്തും'; രൺദീപ് സിംഗ് സുർജേവാല
|'പരാജയം മുന്നിൽ കണ്ട നരേന്ദ്ര മോദി നൂറുകണക്കിന് ഐ ടി, ഇഡി ഉദ്യോഗസ്ഥരെ കർണാടകയിലേക്ക് അയച്ചതായാണ് വിവരം'
ബംഗളൂരു: കർണാടകയിൽ കൂടുതൽ ബി.ജെ.പി നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല. 'നിലവിലെ പല മന്ത്രിമാർക്കും എംഎൽഎമാർക്കും ബി.ജെ.പി സീറ്റ് നൽകില്ല. ഇത് ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കും. പത്തോളം എം.എൽ.എ.മാരും എം.എൽ.സി.മാരും മുൻ എം.എൽ.എമാരും മുൻ എം.എൽ.സിമാരും അവരുടെ ബോർഡുകളും കോർപ്പറേഷൻ ചെയർമാന്മാരും ഡസൻ കണക്കിന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു,' സുർജേവാല പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
'പരാജയം മുന്നിൽ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറുകണക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും (ഇഡി) ആദായനികുതിയിലെയും (ഐടി) ഉദ്യോഗസ്ഥരെ കർണാടകയിലേക്ക് അയച്ചതായാണ് വിവരം. കോൺഗ്രസ് നേതാക്കൾക്ക് എതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാനാണ് നീക്കം. ഇതിനെ എല്ലാം കോൺഗ്രസ് പരാജയപ്പെടുത്തുമെന്നും കർണാടകയിൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്നും സുർജേവാല പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരെ പിന്തുണയ്ക്കുന്നവരെ ആക്രമിക്കുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ ശിവകുമാർ പറഞ്ഞു. ''കോൺഗ്രസ് നേതാക്കളുടെ അനുയായികളെ റെയ്ഡ് ചെയ്യാൻ നൂറുകണക്കിന് ഉദ്യോഗസ്ഥരെ കർണാടകയിലേക്ക് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് പിന്തുണ നൽകരുതെന്ന് അവർ അനുയായികളെ ഭീഷണിപ്പെടുത്തുകയാണെന്നും ''ശിവകുമാർ പറഞ്ഞു.
അധികാരം നഷ്ടപ്പെടുമോ എന്ന ആശങ്ക ബിജെപിക്കുണ്ടെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.