യു.പിയില്‍ മുസ്ലിം പുതുവിശ്വാസികളുടെ സമൂഹവിവാഹത്തിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം
|നിയമം പാലിച്ചു മാത്രമേ പരിപാടി നടത്തൂവെന്ന് ഐ.എം.സി അധ്യക്ഷന്‍ മൗലാന തൗഖീര്‍ റസ ഖാന് പ്രതികരിച്ചു
ലഖ്നൗ: യു.പിയില്‍ മുസ്ലിം പുതുവിശ്വാസികള്‍ക്കായി പ്രഖ്യാപിച്ച സമൂഹവിവാഹ ചടങ്ങിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. ബറേലിയിലെ ഇത്തിഹാദെ മില്ലത്ത് കൗണ്‍സിലിന്റെ(ഐ.എം.സി) നേതൃത്വത്തിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഇതേതുടര്‍ന്നു പരിപാടി നീട്ടിവച്ചിരിക്കുകയാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ 21ന് രാവിലെ 11ന് നഗരത്തിലെ ഖലീല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മുറ്റത്തായിരുന്നു സമൂഹവിവാഹം നിശ്ചയിച്ചിരുന്നത്. ഐ.എം.സി അധ്യക്ഷന്‍ മൗലാന തൗഖീര്‍ റസ ഖാന് ആണു ചടങ്ങിനു കാര്‍മികത്വം വഹിക്കാനിരുന്നത്. നിയമം പാലിച്ചു മാത്രമേ പരിപാടി നടത്തൂവെന്ന് തൗഖീര്‍ റസ പ്രതികരിച്ചു. നിലവില്‍ ജില്ലാ ഭരണകൂടം അനുമതി നല്കാത്തതിനാല് പരിപാടിയുമായി മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതംമാറി ഇസ്ലാമിലെത്തിയ അഞ്ച് ദമ്പതികളുടെ വിവാഹമാണ് നടത്താനിരുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരുടെ വിവാഹവും സംഘടിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു. എല്ലാവരും മതംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചവരാണെന്നും ഐ.എം.സി നേതാവ് പറഞ്ഞു.
സമൂഹവിവാഹത്തിന് അനുമതി തേടി ഐ.എം.സി ഭാരവാഹികള്‍ നേരത്തെ സിറ്റി മജിസ്ട്രേറ്റിനെ സമീപിച്ചിരുന്നുവെന്നും അവിടെനിന്ന് അനുമതി ലഭിച്ചിട്ടില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് പരിപാടി മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹവിവാഹത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തൗഖീര്‍ റസ ഖാന് ഉള്‍പ്പെടെയുള്ള പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. ആവശ്യമുയര്‍ത്തി ജില്ലാ മജിസ്ട്രേറ്റിന് ഇവര്‍ മെമോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Summary: Permission denied for mass marriage event for Muslim converts in UP's Bareilly