India
വരനായി വേഷമിട്ടാൽ 3,000 രൂപ; യു.പി സർക്കാരിന്റെ സമൂഹവിവാഹ പദ്ധതിയിൽ തട്ടിപ്പ്
India

വരനായി 'വേഷമിട്ടാൽ' 3,000 രൂപ; യു.പി സർക്കാരിന്റെ സമൂഹവിവാഹ പദ്ധതിയിൽ തട്ടിപ്പ്

Web Desk
|
1 Feb 2024 3:06 PM GMT

ചടങ്ങ് കഴിഞ്ഞ ശേഷം വാഗ്ദാനം ചെയ്ത തുക നൽകിയില്ലെന്നും ബല്ലിയ സ്വദേശി വെളിപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിനു കീഴിലുള്ള സമൂഹവിവാഹ പദ്ധതിയുടെ മറവിൽ തട്ടിപ്പെന്ന് റിപ്പോർട്ട്. ചടങ്ങ് കാണാനെത്തിയവരെ പിടിച്ച് പണം വാഗ്ദാനം ചെയ്ത് വരന്റെ വസ്ത്രം ഉടുപ്പിച്ച് ഫോട്ടോ എടുപ്പിച്ചെന്ന് വെളിപ്പെടുത്തൽ. യു.പിയിലെ ബല്ലിയയിലാണു സംഭവം. സമൂഹവിവാഹത്തിന് അനുവദിച്ച സർക്കാർ പണം തട്ടുകയായിരുന്നു സംഘാടകർ എന്നാണു വിവരം.

ബല്ലിയ സ്വദേശിയായ ബബ്ലു എന്ന യുവാവാണു തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ജനുവരി 25നു നടന്ന ചടങ്ങ് കാണാനെത്തിയതായിരുന്നു താനുമെന്ന് യുവാവ് പറഞ്ഞു. ഇതിനിടയിലാണു സംഘാടകരിൽ ഒരാൾ 2,000 മുതൽ 3,000 രൂപ വരെ വാഗ്ദാനം ചെയ്ത് വരനായി നിൽക്കാൻ ആവശ്യപ്പെട്ടത്. ഇതു സ്വീകരിച്ച് യുവാവ് വേദിയിൽ മറ്റുള്ള വധൂവരന്മാർക്കൊപ്പം അണിനിരക്കുകയും ചെയ്തു. വധുവിന് മാലയിടുകയും ഫോട്ടോ പകർത്തുകയും ചെയ്തു.

എന്നാൽ, ചടങ്ങ് തീർന്ന ശേഷം സംഘാടകർ വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്ന് യുവാവ് വെളിപ്പെടുത്തി. വധുവിനെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒപ്പമുണ്ടായിരുന്ന വേറെയും നിരവധി പേരെ ഇത്തരത്തിൽ വരനായി വേഷമിടീച്ച് ഫോട്ടോ എടുപ്പിച്ചിരുന്നുവെന്നും ബബ്ലു പറയുന്നു.

യുവാവിന്റെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തരമായി അന്വേഷണം ആരംഭിച്ചതായി ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പറഞ്ഞു. അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫിസർ(എ.ഡി.ഒ) ഉൾപ്പെടെ ഒൻപതു പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമൂഹവിവാഹത്തിനായി അനുവദിച്ച ഫണ്ട് ഗുണഭോക്താക്കൾക്ക് കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്നും മജിസ്‌ട്രേറ്റ് ചൂണ്ടിക്കാട്ടി.

Summary: Spectators made to pose as grooms in exchange for cash during community wedding programme in Ballia

Similar Posts