രണ്ട് ദിവസത്തിനിടെ രാജി വച്ചത് മന്ത്രിയും എംഎൽഎമാരുമടക്കം 20ലേറെ നേതാക്കൾ; തിരിച്ചടിയുടെ വാരിക്കുഴിയിൽ ഹരിയാന ബിജെപി
|67 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ഒമ്പത് എംഎൽഎമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. ഈ സാഹചര്യത്തിൽ രാജി തുടരും എന്നാണ് സൂചന.
ചണ്ഡീഗഢ്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഹരിയാന ബിജെപിയിൽനിന്ന് കൂട്ട കൊഴിഞ്ഞുപോക്ക് തുടരുന്നു. ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് രണ്ട് ദിവസത്തിനിടെ 20ലേറെ നേതാക്കളാണ് പാർട്ടി വിട്ടത്. ഇതിൽ മന്ത്രിയും മുൻ മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളുമുണ്ട്. 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ഒമ്പത് എംഎൽഎമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്. ഈ സാഹചര്യത്തിൽ രാജി തുടരും എന്നാണ് സൂചന.
വൈദ്യുതി-ജയിൽ വകുപ്പ് മന്ത്രി രഞ്ജിത് സിങ് ചൗട്ടാല, മുൻ മന്ത്രിയും ഒബിസി മോർച്ചാ നേതാവുമായ കരൺ ദേവ് കാംബോജ്, രതിയ എംഎൽഎ ലക്ഷ്മൺ നാപ എന്നിവരടക്കമുള്ളവരാണ് രാജിവച്ചത്. രതിയ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമയ നാപയ്ക്ക് സീറ്റ് നിഷേധിച്ച് പകരം മുൻ സിർസ എം.പിയായ സുനിത ദുഗ്ഗലിനാണ് ബിജെപി ടിക്കറ്റ് നൽകിയത്. നാപയ്ക്ക് വീണ്ടും ടിക്കറ്റ് നൽകാമെന്ന് ബിജെപി അറിയിച്ചെങ്കിലും വാക്ക് തെറ്റിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നാപ പാർട്ടി വിട്ടത്. തുടർന്ന് അദ്ദേഹം കോൺഗ്രസിൽ ചേരുകയും ചെയ്തു.
ദാദ്രി കിസാൻ മോർച്ച ജില്ലാ പ്രസിഡന്റ് വികാസ് എന്ന ഭല്ല, ബിജെപി യുവമോർച്ച സംസ്ഥാന എക്സിക്യുട്ടീവ് അംഗവും സോനിപ്പത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലക്കാരനുമായിരുന്ന അമിത് ജെയ്ൻ, ഉക്‌ലാന സീറ്റ് നിഷേധിക്കപ്പെട്ട ഷംഷേർ ഗിൽ, ബിജെപി കിസാൻ മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുഖ്‌വീന്ദർ മാണ്ഡി, ഹിസാറിൽനിന്നുള്ള ദർശൻ ഗിരി മഹാരാജ്, സീമ ഗായ്ബിപൂർ, എച്ച്എസ്എഎം ബോർഡ് ചെയർമാനായിരുന്ന ആദിത്യ ചൗട്ടാല, ബിജെപി മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ആഷു ഷേര, ഹിസാറിലെ സാവിത്രി ജിൻഡാൽ, തരുൺ ജെയ്ൻ, ഗുരുഗ്രാമിൽനിന്നുള്ള നവീൻ ഗോയൽ, രെവാരിയിൽനിന്നുള്ള ഡോ. സതിഷ് ഖോല, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റും മുൻ കൗൺസിലർ സഞ്ജീവ് വലേച്ചയുടെ ഭാര്യയുമായ ഇന്ദു വലേച്ച, മുൻ മന്ത്രിമാരായ ബച്ചൻ സിങ് ആര്യ, ബിഷാംബേർ ബാൽമീകി, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ പണ്ഡിറ്റ് ജി.എൽ ശർമ, രെവാരിയിൽനിന്നുള്ള പ്രശാന്ത് സന്നി യാദവ് എന്നിവരാണ് പാർട്ടി വിട്ട മറ്റു നേതാക്കൾ.
രാജിവച്ചവരിൽ സാവിത്ര ജിൻഡാൽ, തരുൺ ജെയ്ൻ, രഞ്ജിത് ചൗട്ടാല, പ്രശാന്ത് സന്നി യാദവ് എന്നിവർ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സന്നി യാദവ് ബിജെപിയിൽ ചേർന്നത്. ജി.എൽ പണ്ഡിറ്റ് ശർമ സെപ്തംബർ എട്ടിന് കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.
അതേസമയം, മുൻ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ മകൻ രഞ്ജിത്ത് റാനിയ രതിയ മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായോ അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടി സ്ഥാനാർഥിയായോ മാത്രമേ മത്സരിക്കുകയുള്ളൂവെന്ന് നേരെത്തേ നിലപാടെടുത്തിരുന്നു. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാനി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച് എംഎൽഎ ആയ അദ്ദേഹം അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിസാർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു പിന്നാലെയാണ് ബിജെപിയിൽ തുടരാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ദബ്‌വാലി മണ്ഡലത്തിൽ നിന്ന് ബിജെപി സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും രഞ്ജിത്ത് അനുരണനത്തിന് തയാറായില്ല.
അതേസമയം, രാജിക്കു പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഒബിസി മോർച്ച നേതാവ് കാംബോജ് രംഗത്തെത്തി. പാർട്ടി അതിന്റെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്ന് അദ്ദേഹം തുറന്നടിച്ചു. ഒരുപക്ഷേ ബിജെപിക്ക് ഇനി വിശ്വസ്തരെ ആവശ്യമില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
ബിജെപി സ്ഥാപകരായ ദീൻ ദയാൽ ഉപാധ്യായയും ശ്യാമ പ്രസാദ് മുഖർജിയും ഉൾപ്പെടെയുള്ള പ്രമുഖർ മുന്നോട്ടുവച്ച ആദർശങ്ങളും നിലപാടുകളും നിലവിലെ നേതാക്കൾ മറന്നുപോകുന്നുണണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാർത്ഥ നേട്ടങ്ങൾക്കായി കൂറുമാറ്റം നടത്തുന്ന രാജ്യദ്രോഹികൾക്ക് ബിജെപി പ്രതിഫലം നൽകുന്നുണ്ടെന്നും ഇത് പാർട്ടിയുടെ വിശ്വസ്തരുടെ ചെലവിലാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ദ്രിയിൽ നിന്നോ റദൗറിൽ നിന്നോ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം.
സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി നായിബ് സിങ് സൈനിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിക്കുന്ന കാംബോജിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന പാർട്ടി യോഗത്തിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം. വേദിയിലേക്ക് എത്തുമ്പോൾ മുഖ്യമന്ത്രി ഹസ്തദാനം ചെയ്യാൻ ശ്രമിക്കുകയും എന്നാൽ കംബോജ് നിരസിക്കുകയുമായിരുന്നു. മുഖ്യമന്ത്രി തോളത്ത് തലോടിയെങ്കിലും അദ്ദേഹത്തിന്റെ മുഖത്തുനോക്കാനും കംബോജ് തയാറായില്ല.
ബിജെപിയെ വർഷങ്ങളോളം സേവിച്ചവരെ അവഗണിച്ച് അടുത്തിടെ പാർട്ടിയിലേക്ക് വന്നവർക്ക് ടിക്കറ്റ് പ്രതിഫലം നൽകുന്നു എന്ന ആരോപണവും നേതാക്കൾക്കിടയിൽ ശക്തമാണ്. തെരഞ്ഞെടുപ്പിന് കേവലം ഒരു മാസം ബാക്കിനിൽക്കെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത് ബിജെപിക്കുണ്ടാക്കിയിരിക്കുന്ന ക്ഷീണവും തലവേദനയും ചെറുതല്ല. ബുധനാഴ്ചയാണ് ഹരിയാനയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക മുഖ്യമന്ത്രി നായബ് സിങ് സൈനി പുറത്തുവിട്ടത്.