India
Massive Landslide In Himachals Kullu, Several Houses Collapse,കുളുവിൽ വൻ കനത്ത മഴയും മണ്ണിടിച്ചിലും; നിരവധി ബഹുനില കെട്ടിടങ്ങളും തകർന്നുവീണു- വീഡിയോ,ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ,
India

കുളുവിൽ കനത്ത മഴയും മണ്ണിടിച്ചിലും; നിരവധി ബഹുനില കെട്ടിടങ്ങള്‍ തകർന്നുവീണു- വീഡിയോ

Web Desk
|
24 Aug 2023 6:06 AM GMT

കനത്ത മഴയെ തുടർന്ന് തകർന്ന കുളു-മാണ്ഡി ഹൈവേയിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി

കുളു: ഹിമാചൽ പ്രദേശിൽ മഴയിൽ കനത്ത നാശനഷ്ടം. മണ്ണിടിച്ചിലിനെതുടർന്ന് കുളുവിൽ നിരവധി വീടുകൾ തകർന്നു. നിരവധി ബഹുനില കെട്ടിടങ്ങളും തകർന്നുവീണു. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) തുടങ്ങിയ എമർജൻസി റെസ്‌പോൺസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിക്കുന്നുണ്ട്. മണ്ണിടിച്ചില്‍ അപകടസാധ്യത മുന്‍കൂട്ടിക്കണ്ട് രണ്ട് ദിവസം മുമ്പ് ഭരണകൂടം കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ചിരുന്നുവെന്നും ഇത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചെന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.

മഴയെ തുടർന്ന് കുളു മണ്ടി റോഡിൽ വൻ ഗതാഗത കുരുക്കാണുള്ളത്. ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുകയാണ്. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തേക്ക് ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും മുൻകരുതൽ നടപടിയായി മണ്ണിടിച്ചിലിന് മുന്നോടിയായി ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഹിമാചൽ പ്രദേശിലെ മുതിർന്ന പോലീസ് ഓഫീസർ സഞ്ജയ് കുണ്ടു എൻഡിടിവിയോട് പറഞ്ഞു. കനത്ത മഴയെ തുടർന്ന് തകർന്ന കുളു-മാണ്ഡി ഹൈവേയിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി. കുളുവിനെയും മാണ്ഡിയെയും ബന്ധിപ്പിക്കുന്ന റോഡ് തകർന്നു. പാണ്ഡോ വഴിയുള്ള ബദൽ പാതയും തകർന്നു. ഗതാഗതം തൽക്കാലം നിർത്തിവച്ചിരിക്കുകയാണെന്ന് കുളു പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷി വർമയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

Similar Posts