അഗ്നിപഥ് പദ്ധതിക്കെതിരെ വൻ പ്രതിഷേധം, ബിഹാറിൽ ട്രെയിൻ കത്തിച്ചു, ബിജെപി ഓഫീസ് തകർത്തു, നേതാവിനെ ആക്രമിച്ചു
|സൈന്യത്തിലേക്കുള്ള ഉദ്യോഗാർഥികളാണ് സർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്
ന്യൂഡൽഹി: സൈന്യത്തിൽ കരാർ നിയമനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരെ രാജ്യവ്യാപക പ്രതിഷേധം. സൈന്യത്തിലേക്കുള്ള ഉദ്യോഗാർഥികളാണ് സർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ബിഹാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ റോഡുകളിലും റെയിൽവേയിലും ഗതാഗതം തടഞ്ഞു. മൂന്നു ട്രെയിനുകൾ കത്തിച്ചു. ബസ്സുകൾ അടിച്ചുതകർത്തു. ബിജെപി എംഎൽഎയടക്കമുള്ളവർ ആക്രമിക്കപ്പെട്ടു. ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
പ്രതിഷേധത്തെ തുടർന്ന് 22 ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ചു ട്രെയിനുകൾ യാത്ര ഇടയ്ക്ക് വെച്ച് നിർത്തിയതായും ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു. 'ഇന്ത്യൻ ആർമി ലവേഴ്‌സ്' എന്ന ബാനറിൽ സംഘടിച്ചെത്തിയവർ ബാബ്ഹുവാ റെയിൽവേ സ്‌റ്റേഷനിൽ ഇൻറർസിറ്റി എക്‌സ്പ്രസ് ട്രെയിൻ തകർത്തു, ഒരു കോച്ചിന് തീയിട്ടു.
നവാഡയിൽ ബിജെപി എംഎൽഎ അരുണാ ദേവിയുടെ കാർ തകർത്തു. എംഎൽഎയടക്കമുള്ളവർക്ക് പരിക്കേൽപ്പിച്ചു. നവാഡയിലെ ബിജെപി ഓഫീസ് തകർത്തു. പട്‌ന - രാജധാനി എക്‌സ്പ്രസ് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പട്‌നയിൽ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചിരിക്കുകയാണ്. ജയ്പൂരിൽ അജ്മീർ -ഡൽഹി ദേശീയ പാത ഉപരോധിച്ചു. ആഗ്രയിലും ജോധ്പൂരിലും പ്രതിഷേധക്കാർക്കെതിരെ ലാത്തിചാർജ് നടത്തി. ഡൽഹി നംഗ്ലോയി സ്റ്റേഷനിൽ റെയിൽ പാളത്തിൽ പ്രതിഷേധം നടത്തി.
അഗ്നിപഥ് പദ്ധതി പ്രകാരം നാലുവർഷം സേവനം ചെയ്തവരിൽ 25 ശതമാനം പേർക്ക് മാത്രമാണ് തുടർന്നും പ്രവർത്തിക്കാനാകുക. അല്ലാത്തവർക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെൻഷനോ മറ്റു ആനൂകൂല്യങ്ങളോയുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്. ബീഹാറിലും രാജസ്ഥാനിലും കടുത്ത പ്രതിഷേധമാണുള്ളത്. ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച ഉയർന്ന റാങ്കിലുള്ള സേനാംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
നാലു വർഷത്തിന് ശേഷമെന്ത്? പ്രതിഷേധങ്ങൾക്ക് സർക്കാറിന്റെ മറുപടി
സൈന്യത്തിൽ നാലു വർഷത്തേക്കു നിയമനം നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. സിഎപിഎഫുകളുടെയും അസം റൈഫിൾസിന്റെയുമടക്കം പാരാമിലിട്ടറി ഫോഴ്‌സുകളിൽ അഗ്നിപഥിൽ പങ്കെടുത്തവർക്ക് മുൻഗണന നൽകാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പദ്ധതി പ്രഖ്യാപിച്ചത് മുതൽ സമരം നടത്തുന്ന ഉദ്യോഗാർഥികളെ സമാധാനിപ്പിക്കാനുള്ള നിരവധി പദ്ധതികളിലൊന്നാണിത്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ അഗ്നിവീരന്മാർക്ക് (അഗ്നിപഥ് പദ്ധതി പ്രകാരം സൈനിക സേവനം അനുഷ്ഠിച്ചവർ) നൽകുമെന്ന് അറിയിച്ചിരിക്കുകയാണ്. എന്നാൽ എത്ര ശതമാനം ജോലി ഈ വിഭാഗത്തിന് നൽകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ഇവർക്ക് സെൻട്രൽ ആർമ്ഡ് പൊലീസ് ഫോഴ്‌സിലോ (സി.എ.എ.എഫ്) സംസ്ഥാന പൊലീസിലോ നേരിട്ട് കരിയർ തുടങ്ങാനാകുമെങ്കിൽ ആദ്യം സൈന്യത്തിൽ ചേരുന്നതെന്തിനാണെന്നാണ് വിദഗ്ധർ ചോദിക്കുന്നത്. പുതിയ പദ്ധതി വന്നതോടെ തങ്ങൾ പെൻഷനും ഇതര ദീർഘകാല ആനുകൂല്യങ്ങളുമുള്ള പൊലീസിൽ ചേരാൻ പോകുകയാണെന്നാണ് പല ഉദ്യോഗാർഥികളും പറയുന്നത്.
എന്താണ് അഗ്നിപഥ്?
സൈന്യത്തിൽ കൂടുതൽ യുവതീ, യുവാക്കളെ ഉൾപ്പെടുത്താനുള്ള അഗ്‌നിപഥ് പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളിൽ പ്രതിവർഷം 45,000 യുവാക്കളെ പദ്ധതി പ്രകാരം നിയമിക്കും. രാജ്യത്തിന്റെ സൈന്യത്തിന് യുവത്വം നൽകുന്നതാണ് കേന്ദ്രതീരുമാനമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. യുവാക്കൾ വരുന്നത് സേനകളെ ചെറുപ്പമാകാൻ വഴിയൊരുക്കുമെന്നും ആരോഗ്യ, ശാരീരിക ക്ഷമതയിൽ മുന്നിലുള്ള യുവാക്കളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നും സേനാ മേധാവികൾ അഭിപ്രായപ്പെട്ടു.
പദ്ധതി ഇങ്ങനെ-
- സേവന കാലാവധി 4 വർഷം. നിയമനം 17.5 21 വയസ്സു വരെയുള്ളവർക്ക്.
- സ്ഥിര നിയമനങ്ങളിലേതു പോലെ ആരോഗ്യ, ശാരീരിക ക്ഷമത പരിശോധിക്കുന്ന റിക്രൂട്‌മെൻറ് റാലികളിലൂടെയായിരിക്കും നിയമനം.
- 10, 12 ക്ലാസ് പാസായവർക്കു റാലിയിൽ പങ്കെടുക്കാം.
- പെൻഷനില്ല. ആദ്യ വർഷം ശമ്പളം പ്രതിവർഷം 4.76 ലക്ഷം രൂപ. നാലാം വർഷം ഇത് 6.92 ലക്ഷം രൂപയാകും. അതായത് പ്രതിമാസം 30,000 മുതൽ 40,000 വരെ ശമ്പളം. സേനകളിലെ സ്ഥിര നിയമനക്കാർക്കുള്ളതിനു സമാനമായ റിസ്‌ക് അലവൻസ് ലഭിക്കും.
- പ്രതിമാസ ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി ഫണ്ടിലേക്ക് അടയ്ക്കണം. തുല്യമായ തുക കേന്ദ്ര സർക്കാരും അടയ്ക്കും. സേവന കാലാവധി പൂർത്തിയാക്കുമ്പോൾ ഇപിഎഫ് കൂടി ചേർത്ത് 11.71 ലക്ഷം രൂപയുടെ സേവാ നിധി തുക ലഭിക്കും.
- തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ആഴ്ച മുതൽ 6 മാസം വരെ പരിശീലനം.
- 10ാം ക്ലാസ് പാസായവർക്കു സേവന കാലാവധി പൂർത്തിയാകുമ്പോൾ 12ാം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് നൽകും.
- സേവനത്തിനിടെ വീരമൃത്യു വരിക്കുന്നവർക്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ്. സേവനത്തിൽ ബാക്കിയുള്ള കാലയളവിലെ മുഴുവൻ ശമ്പളവും സേവാ നിധി തുകയും അടുത്ത കുടുംബാംഗത്തിനു നൽകും.
- സേവനത്തിനിടെ പരിക്കേറ്റാൽ 44 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം. സേവന കാലയളവിലെ ബാക്കി ശമ്പളവും സേവാ നിധിയും ലഭിക്കും.
- സേവന കാലയളവിൽ മികവു തെളിയിക്കുന്ന 25 ശതമാനം പേർക്ക് 4 വർഷത്തിനു ശേഷം നിയമനം നീട്ടി നൽകും. 15 വർഷത്തേക്കാണ് നിയമനം. അടുത്ത വർഷം ജൂലൈയിൽ ആദ്യ ബാച്ച് പുറത്തിറങ്ങും.
വിയോജിപ്പുമായി വിമുക്ത ഭടന്മാർ
ചുരുങ്ങിയ കാലത്തേക്കുള്ള നിയമനം സേനാംഗങ്ങളുടെ മികവിനെ ബാധിക്കുമെന്ന് സേനയിൽ നിന്ന് വിരമിച്ച ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വിരമിച്ച മേജർ ജനറൽ ബി.എസ് ധനോവ ട്വീറ്റ് ചെയ്തതിങ്ങനെ- 'സായുധ സേനയിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന റിക്രൂട്ട്മെന്റ് നയത്തിന് രണ്ട് ശിപാർശകൾ- പുതിയ റിക്രൂട്ട്മെന്റുകളുടെ സേവന കാലയളവ് ഏഴ് വർഷമായി വർധിപ്പിക്കണം, സേവന താത്പര്യമുള്ള 50 ശതമാനം പേരെയെങ്കിലും നിലനിർത്തണം'
സായുധ സേനയെ സാമ്പത്തിക ലാഭത്തിൻറെ വീക്ഷണകോണിലൂടെ കാണരുതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ മേജർ ജനറൽ യാഷ് മോർ ആവശ്യപ്പെട്ടു. സൈനിക ജീവിതവും കരിയറും സാമ്പത്തിക ലാഭവുമായി ചേർത്ത് അളക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിപഥ് പദ്ധതി വിജയിക്കുകയാണെങ്കിൽ വാർഷിക പ്രതിരോധ ബജറ്റിൽ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം കണക്കുകൂട്ടുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യാഷ് മോറിൻറെ വിമർശനം. കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വി.കെ സിങിനോട് പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് കൂടുതൽ വിവരങ്ങൾ ഇല്ലെന്നും പദ്ധതി നടപ്പാക്കുന്നത് വരെ ചിത്രം വ്യക്തമല്ലെന്നും പറഞ്ഞു.
സേനയുടെ വീര്യം കെടുത്തരുതെന്ന് രാഹുൽ ഗാന്ധി
നമ്മുടെ സേനയുടെ അന്തസ്സും പാരമ്പര്യവും വീര്യവും അച്ചടക്കവും വിട്ടുവീഴ്ച ചെയ്യുന്നത് ബി.ജെ.പി സർക്കാർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യം അതിർത്തികളിൽ ഭീഷണി നേരിടുമ്പോൾ, അഗ്‌നിപഥ് സ്‌കീമിലൂടെ നമ്മുടെ സായുധ സേനയുടെ പ്രവർത്തനക്ഷമത കുറയ്ക്കുകയാണെന്നും രാഹുൽ വിമർശിച്ചു. സായുധ സേനകളിലേക്കുള്ള നിയമനങ്ങൾ ബിജെപി സർക്കാർ പരീക്ഷണമാക്കി മാറ്റുന്നുവെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വർഷങ്ങളായി സേവനം നടത്തുന്ന സൈനികർ സർക്കാരിന് ബാദ്ധ്യതയാണോ എന്നും പ്രിയങ്ക ചോദിച്ചു.