India
Maulvi in J&K greeted me with Ram Ram impact of Art 370 abrogation says Adityanath
India

'ജമ്മു കശ്മീരിലെ ഒരു മൗലവി എന്നെ റാം റാം പറഞ്ഞ് അഭിവാദ്യം ചെയ്തു'; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ​ഗുണമെന്ന് യോ​ഗി ആദിത്യനാഥ്

Web Desk
|
29 Sep 2024 5:17 AM GMT

'ഒരുകാലത്ത് ഇന്ത്യയെ അധിക്ഷേപിക്കുകയും പരമാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തവർ ഇന്ന് ‘റാം റാം’ എന്ന് പറയുന്നു'- ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

ചണ്ഡീ​ഗഢ്: ജമ്മു കശ്മീരിലെ ഒരു മൗലവി (മുസ്‌ലിം പണ്ഡിതൻ) തന്നെ റാം റാം പറഞ്ഞ് അഭിവാദ്യം ചെയ്തെന്ന അവകാശവാദവുമായി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഈയാഴ്ച രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മു കശ്മീരിൽ പോയപ്പോഴായിരുന്നു ഇത്തരമൊരു അനുഭവമുണ്ടായതെന്നും ഇത് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതിന്റെ ​ഗുണഫലമാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

ഹരിയാനയിലെ ഫരീദാബാദിൽ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു യോ​ഗിയുടെ വാദം. “അന്ന് ജമ്മുവിൽ മഴയായിരുന്നു. അതിനാൽ ഞാൻ വിമാനത്താവളത്തിനുള്ളിലേക്ക് പോയി. അകത്തേക്ക് കയറുമ്പോൾ ഒരാൾ ‘സാഹബ് റാം റാം’ എന്ന് പറയുന്നത് കേട്ടു. ആ വ്യക്തി വീണ്ടും ‘യോഗി സാഹബ് റാം റാം’ എന്ന് ആവർത്തിച്ചതോടെ ഞാനദ്ദേഹത്തെ ശ്രദ്ധിച്ചു“.

“അദ്ദേഹമൊരു മൗലവിയാണെന്ന് എനിക്ക് മനസിലായി. ഒരു മൗലവിയുടെ വായിൽനിന്ന് റാം റാം എന്ന് പറയുന്നത് കേട്ടതിൽ ഞാൻ അത്ഭുതപ്പെട്ടു. ഇത് ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ ഫലമായി എനിക്ക് തോന്നി“- യോ​ഗി പറഞ്ഞു.

ഒരുകാലത്ത് ഇന്ത്യയെ അധിക്ഷേപിക്കുകയും പരമാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്തവർ ഇന്ന് ‘റാം റാം’ എന്ന് പറയുന്നു. ഓർക്കുക, ഇന്ത്യ കൂടുതൽ ശക്തമാകും. ബിജെപി കൂടുതൽ ശക്തമാകും. ഒരു ദിവസം, അവർ രാജ്യത്തിൻ്റെ തെരുവുകളിൽ ഹരേ രാമ ഹരേ കൃഷ്ണ എന്ന് ജപിക്കുന്നത് കാണാം- യോ​ഗി ആദിത്യനാഥ് തുടർന്നു.

രാമക്ഷേത്രത്തിനായുള്ള 500 വർഷത്തെ കാത്തിരിപ്പിന് ഈ വർഷം അയോധ്യയിലെ മഹത്തായ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതോടെ അവസാനിച്ചു. അയോധ്യയിൽ ക്ഷേത്രം നിർമിക്കുന്നത് കാണാൻ ആയിരക്കണക്കിന് ഹിന്ദുക്കൾ ത്യാഗം സഹിച്ചെന്നും ആദിത്യനാഥ് പറഞ്ഞു. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബിജെപി മാത്രമാണെന്നാണ് ആദിത്യനാഥിന്റെ മറ്റൊരു അവകാശവാദം.

തൻ്റെ സർക്കാരിൻ്റെ കാലത്ത് ഉത്തർപ്രദേശിലെ ക്രമസമാധാനനില മെച്ചപ്പെട്ടെന്നും യോ​ഗി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏഴര വർഷത്തെ ബിജെപി ഭരണത്തിൽ എന്തെങ്കിലും കലാപം നടന്നതായി കേട്ടിട്ടുണ്ടോ? കലാപകാരികൾ ഒന്നുകിൽ ജയിലിലാണ്. അല്ലെങ്കിൽ അവർ കൊല്ലപ്പെട്ടു. ബിജെപി എന്നാൽ സുരക്ഷയുടെ ഉറപ്പ് എന്നാണ് അർഥമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Similar Posts