India
India
അഴിമതിക്കേസിൽ മാവേലി സ്റ്റോർ മാനേജർക്ക് നാല് വർഷം കഠിന തടവ്
|31 May 2024 2:00 PM GMT
കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
കോട്ടയം: അഴിമതിക്കേസിൽ മാവേലി സ്റ്റോർ മാനേജർക്ക് നാല് വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ മൂന്നു ലക്ഷം രൂപയിലധികം ക്രമക്കേട് നടത്തിയ ആർ. മണിക്കാണ് ശിക്ഷ വിധിച്ചത്.
കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2007-09 കാലയളവിൽ അരീക്കര മാവേലി സ്റ്റോറിലെ മാനേജറായിരുന്നു മണി. ഇക്കാലയളവിൽ മൂന്ന് ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന പരാതി ഉയർന്നിരുന്നു.
പരാതിയിൽ പിന്നീട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടറായിരുന്ന അമ്മിണിക്കുട്ടന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഡിവൈഎസ്പി പി. കൃഷ്ണകുമാർ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുകയുമായിരുന്നു.