India
Akash Anand
India

ബി.എസ്.പി ദേശീയ കോ-ഓർഡിനേറ്റർ പദവിയിൽ മരുമക​ൻ ആകാശ് ആനന്ദിനെ തിരിച്ചെത്തിച്ച് മായാവതി

Web Desk
|
23 Jun 2024 9:36 AM GMT

ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ ബി.ജെ.പിയെ വിമർശിച്ചതിന് പിന്നാ​ലെയാണ് ആകാശ് ആനന്ദിനെ പദവികളിൽ നിന്ന് മായാവതി നീക്കിയത്

ലഖ്നൗ: സഹോദര പുത്രനായ ആകാശ് ആനന്ദിനെ വീണ്ടും ബി.എസ്.പിയുടെ ദേശീയ കോ-ഓർഡിനേറ്ററായി നിയമിച്ച് മായാവതി. ബിജെപിയെ വിമർശിച്ചതിനെ തുടർന്ന് കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്നും പിൻഗാമി സ്ഥാനത്തു നിന്നും നേരത്തെ മാറ്റി നിർത്തിയിരുന്നു.

പൊതുതെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ലഖ്നൗവിൽ ചേർന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് പദവികൾ തിരിച്ചു നൽകിയതായി മായാവതി പ്രഖ്യാപിച്ചത്. യോഗത്തിൽ സഹോദരൻ ആനന്ദ് കുമാറും ആകാശ് ആനന്ദും പ​ങ്കെടുത്തിരുന്നു.

​ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ​ മെയിലാണ് ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നും ആകാശ് ആനന്ദിനെ മായാവതി നീക്കിയത്. രാഷ്ട്രീയ പക്വത പ്രാപിക്കുന്നതുവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കുകയാണെന്നായിരുന്നു മായാവതിയുടെ വിശദീകരണം.

‘ബി​.ജെ.പി സർക്കാർ ഒരു ബുൾഡോസർ സർക്കാരും രാജ്യദ്രോഹികളുടെ സർക്കാരുമാണ്. യുവാക്കളെ പട്ടിണിക്കിടുകയും പ്രായമായവരെ അടിമകളാക്കുകയും ചെയ്യുന്ന പാർട്ടി തീവ്രവാദ സർക്കാരാണ്. താലിബാൻ സർക്കാരിന് സമാനമാണിതെന്നും യു.പിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ആനന്ദ് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാ​ലെയാണ് ആകാശിനെതിരെ നടപടിയെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് അന്ന് ആനന്ദിനെതിരെ കേസെടുത്തിരുന്നു. അതെ സമയം 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ 10 ലോക്‌സഭാ സീറ്റുകൾ നേടിയ മായാവതിയുടെ ബി.എസ്.പിക്ക് 2024 ൽ രാജ്യത്തെവിടെയും അക്കൗണ്ട് തുറക്കാനായില്ല.

Similar Posts