India
Mayawatis BSP Draws Blank, Stands To Lose Relevance In UP
India

ഒറ്റയ്ക്ക് മത്സരിച്ച് നേടിയത് വട്ടപ്പൂജ്യം; യുപിയിൽ മായുന്നോ മായാവതി?

Web Desk
|
4 Jun 2024 3:14 PM GMT

നിലവിൽ 80 ലോക്‌സഭാ മണ്ഡലങ്ങളിലും ബിഎസ്പി പുറകിലാണ്

ഉത്തർപ്രദേശിൽ 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച മുൻ മുഖ്യമന്ത്രി മായാവതിയുടെ ബിഎസ്പി നേടിയത് വട്ടപ്പൂജ്യം. നിലവിൽ 80 ലോക്‌സഭാ മണ്ഡലങ്ങളിലും ബിഎസ്പി പുറകിലാണ്. 90കളിലൊന്നും ചിന്തിക്കാൻ പോലുമാകുമായിരുന്നില്ലാത്ത ഇത്തരമൊരു പരാജയത്തോടെ യുപിയുടെ രാഷ്ട്രീയമണ്ഡലത്തിൽ നിന്നു തന്നെ മായാവതിയും ബിഎസ്പിയും മായുമോ എന്ന ചോദ്യമാണെങ്ങും.

ദലിത് രാഷ്ട്രീയത്തിലൂടെയാണ് മായാവതി യുപിയിൽ ചുവടുറപ്പിക്കുന്നത്. തിലക്, തരജ് ഔർ തൽവാർ എന്ന മുദ്രാവാക്യത്തോടെ കാഷി റാമിനൊപ്പമായിരുന്നു മായാവതിയുടെ അരങ്ങേറ്റം. തുടർന്ന് 1995, 97, 2002, 2007 വർഷങ്ങളിൽ മുഖ്യമന്ത്രിയായി ജയിച്ചു കയറി.

2007ലെ വിജയത്തിന് പിന്നാലെ യുപി തലസ്ഥാനമായ ലഖ്‌നൗവിലുൾപ്പടെ തന്റെ പ്രതിമകൾ സ്ഥാപിച്ചാണ് മായാവതി യുപിയിൽ തന്റെ ആധിപത്യമുറപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിന് ശേഷം കാര്യമായ നേട്ടമുണ്ടാക്കാൻ മായാവതിക്ക് സാധിച്ചില്ല. 2019ൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയോട് സഖ്യം ചേർന്ന് പത്ത് സീറ്റുകൾ ബിഎസ്പി നേടി.

ഇത്തവണ ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനായിരുന്നു മായാവതിയുടെ തീരുമാനം. സഖ്യം ചേരാനുള്ള ഇൻഡ്യാ മുന്നണിയുടെ ക്ഷണം നിരസിച്ചതോടെ ബിജെപിയുടെ ബി ടീം എന്ന വിശേഷണങ്ങൾക്ക് ആക്കം കൂടി. ഇതിന്റെ പ്രത്യാഘാതങ്ങളും വളരെ വലുതായിരുന്നു. ദലിതരുടെ പാർട്ടി എന്നറിയപ്പെട്ട ബിഎസ്പിയിൽ നിന്ന് ദലിതരുടെ വോട്ട് മുഴുവൻ ഇൻഡ്യാ മുന്നണിയിലേക്കൊഴുകി. 20 ശതമാനത്തിലധികം ദലിത് ജനസംഖ്യയുള്ള മണ്ഡലത്തിൽ കുറച്ചധികം വോട്ടുകൾ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയും തൂത്തുവാരി.

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ പത്തോളം എംപിമാർ ബിജെപിയിലേക്കും എസ്പിയിലേക്കും ചുവടുമാറിയതും ബിഎസ്പിക്ക് തിരിച്ചടിയായി. പാർട്ടിയിലെ ഐക്യമില്ലായ്മയും പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപിയിൽ ചേർന്ന ബിഎസ്പി എംപി റിതേഷ് പാണ്ഡെ തന്റെ രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയത് തന്നെ ഒരു മീറ്റിംഗിലേക്ക് പാർട്ടി വിളിച്ചിട്ട് നാളുകളായി എന്നായിരുന്നു.

Related Tags :
Similar Posts