മധ്യപ്രദേശിൽ മെഡിക്കൽ പഠനം ഇനി ഹിന്ദിയിൽ; പാഠപുസ്തകങ്ങൾ അമിത് ഷാ പുറത്തിറക്കും
|ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി തയാറാക്കിയ ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ അടുത്ത ഞായറാഴ്ച ഭോപ്പാലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകാശനം ചെയ്യും
ഭോപ്പാൽ: രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കം വീണ്ടും വിവാദമായതിനു പിന്നാലെ എം.ബി.ബി.എസ് പഠനമാധ്യമവും ഹിന്ദി ആക്കാനുള്ള നീക്കവുമായി മധ്യപ്രദേശ്. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾ ഹിന്ദിയിൽ തയാറാകുന്നതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കായി തയാറാക്കിയ ഹിന്ദിയിലുള്ള പാഠപുസ്തകങ്ങൾ അടുത്ത ഞായറാഴ്ച ഭോപ്പാലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കും.
നിലവിൽ മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, അനാട്ടമി തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്തകങ്ങളാണ് ഹിന്ദിയിൽ തയാറായിട്ടുള്ളത്. കഴിഞ്ഞ ഒൻപതു മാസംകൊണ്ട് നൂറോളം ഡോക്ടർമാർ അടങ്ങുന്ന സമിതിയാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്. പുസ്തകം പുറത്തിറക്കുന്നതോടെ മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദി ഭാഷയിൽ നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും മധ്യപ്രദേശ്.
എന്നാൽ, മധ്യപ്രദേശ് സർക്കാരിന്റെ നീക്കത്തിൽ വിദ്യാർത്ഥികളും മെഡിക്കൽ രംഗത്തെ വിദഗ്ധരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു പാഠ്യപദ്ധതി നിർബന്ധമാക്കിയാൽ ഇവിടെ പഠിക്കുന്നവർക്ക് മധ്യപ്രദേശിലും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും മാത്രമേ ജോലി ചെയ്യാനാകൂവെന്ന് മധ്യപ്രദേശ് ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആകാശ് സോണി പ്രതികരിച്ചു. യു.എസ്, ബ്രിട്ടൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിനും മറ്റും പോകാൻ ആഗ്രഹിക്കുന്നവർക്ക് യോഗ്യതാ പരീക്ഷ പോലും പാസാകാൻ പ്രയാസമാകുമെന്നം ആകാശ് ചൂണ്ടിക്കാട്ടി.
മെഡിക്കൽ പാഠപുസ്തകങ്ങളിലുള്ള നിരവധി വിഷയങ്ങളിൽ ഇംഗ്ലീഷ് ജേണലുകളിലും പുസ്തകങ്ങളിലുമുള്ള ഉദ്ധരണികളും സൂചകങ്ങളും അടങ്ങിയതാണ്. പല ഭാഷകളിൽ പഠനം നടത്തിയാൽ ഇത് കൂടുതൽ ആശയക്കുഴപ്പത്തിന് വഴിവയ്ക്കുമെന്ന് മധ്യപ്രദേശിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ, ഈ ആശങ്ക മനസിലാക്കി പല വാക്കുകളുടെയും ഹിന്ദി ഉപയോഗിക്കാതെ ഇംഗ്ലീഷ്, ഗ്രീക്ക് പദങ്ങൾ തന്നെ പാഠപുസ്തകങ്ങളിൽ നിലനിർത്തിയിട്ടുണ്ടെന്ന് പാഠപുസ്തക സമിതി അംഗമായ ഡോ. സത്യകാന്ത് ത്രിവേദി വെളിപ്പെടുത്തി. ഹിന്ദി സംസാരഭാഷയോ രണ്ടാം ഭാഷ പോലും അല്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും പുതിയ നീക്കത്തിൽ ആശങ്കയിലാണ്.
ഹിന്ദിവൽക്കരണവും ഔദ്യോഗിക ഭാഷാ വിവാദവും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാർലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഹിന്ദിവൽക്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളുള്ളത്. കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണം, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ ആശയവിനിമയം ഹിന്ദിയിലാക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം, ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിന്ദി പഠനമാധ്യമം ഹിന്ദിയിലാക്കാനും നിർദേശമുണ്ട്.
എന്നാൽ, ഹിന്ദിവൽക്കരണ നീക്കത്തിനെതിരെ വിമർശനവുമായി കേരളവും തമിഴ്‌നാടും രംഗത്തെത്തിയിട്ടുണ്ട്. ഒരു ഭാഷയെ മാത്രം ഔദ്യോഗിക ഭാഷയായി ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. ഹിന്ദി നിർബന്ധമാക്കി മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
112 ഇന ശിപാർശകളാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ചെയ്യാനും കേന്ദ്ര സർവകലാശാലകളിലും എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കാനും സർക്കാർ ജോലിക്കുള്ള പരീക്ഷകളിലും ഹിന്ദി നിർബന്ധമാക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ജോലിയിൽ പ്രവേശിച്ചാൽ ഹിന്ദിയിൽ പ്രാവീണ്യം ഉള്ളവർക്ക് പ്രത്യേക അലവൻസ് നൽകാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഹിന്ദി ഭാഷയറിയാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും മറുപടി തൃപ്തികരമല്ലെങ്കിൽ അവരുടെ വാർഷിക റിപ്പോർട്ടിൽ അക്കാര്യം സൂചിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
Summary: Amit Shah to launch Hindi version of first-year MBBS books in Madhya Pradesh on October 16