എസ്.എഫ്.ഐയിൽ 'മീറ്റൂ' പരമ്പര; കേന്ദ്ര സര്‍വകലാശാലാ നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍
|നടപടി ആവശ്യപ്പെട്ട് പരിചയത്തിലുള്ളവരെ സമീപിച്ചപ്പോൾ വിഷയം പുറത്തുപറഞ്ഞതിനെയും പ്രതിക്കുമുന്നിൽ മുഖം ഉയർത്തി നടന്നതിനെയും ചോദ്യംചെയ്തതായി പരാതിയിൽ പറയുന്നു
ന്യൂഡൽഹി: രാജ്യത്തെ മൂന്ന് പ്രമുഖ കേന്ദ്ര സർവകലാശാലകളിലെ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികളുമായി വിദ്യാർത്ഥിനികൾ. ഡൽഹി സർവകലാശാല, ഹൈദരാബാദ് ഇഫ്‌ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലുണ്ടായിരുന്നവര്‍ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി പരാതികളിൽ പറയുന്നു. എസ്.എഫ്.ഐ നേതൃത്വം പരാതികൾ അവഗണിച്ചതായും ആരോപണമുണ്ട്. അതേസമയം, പരാതികൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നേതാക്കൾക്കെതിരെ എസ്.എഫ്.ഐ നേതൃത്വം നടപടി സ്വീകരിച്ചിട്ടുണ്ട്.
ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ് യൂനിറ്റ് എസ്.എഫ്.ഐ പ്രസിഡന്റും സെക്രട്ടററിയേറ്റ് അംഗവുമായിരുന്ന അഭിരാം എൻ.ആറിനെതിരെയാണ് ഒരു പരാതിയുള്ളത്. കോളജിൽ ആദ്യമായി പഠിക്കാനെത്തിയ 18കാരിയായ മലയാളി വിദ്യാർത്ഥിനിയൊണ് മാനസികമായി പീഡിപ്പിക്കുകയും ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. നിലവിൽ ജാമിഅ മില്ലിയ്യ സർവകലാശാലയിൽ വിദ്യാർത്ഥിയും യൂനിറ്റ് എസ്.എഫ്.ഐയിൽ സജീവവുമാണ് അഭിരാം.
സജീവ എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു ഇര. സംഭവത്തിൽ പരാതിയുമായി ഡൽഹി സർവകലാശാലയിലെ ഉൾപ്പെടെ എസ്.എഫ്.ഐ നേതാക്കളെ ബന്ധപ്പെട്ടപ്പോൾ പരിഹാസത്തോടെ തള്ളിക്കളയുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി ആരോപിക്കുന്നു. ഇതോടൊപ്പം ഇരയെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യക്തിപരമായി അധിക്ഷേപിക്കാനും അവഹേളിക്കാനും എസ്.എഫ്.ഐ നേതാക്കൾ കൂട്ടുനിന്നെന്നും പരാതിയുണ്ട്. എസ്.എഫ്.ഐയിൽനിന്ന് സംഘടനാവിരുദ്ധ പ്രവർത്തനം ആരോപിച്ച് ഇവരെ പുറത്താക്കുകയും ചെയ്തു.
സംഭവത്തിൽ പ്രതിയുടെ പേര് ഒരിടത്തുപോലും പരാമർശിക്കാതെ എസ്.എഫ്.ഐ ഡൽഹി കമ്മിറ്റി വാർത്താകുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇരയ്ക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്നും കുറ്റം ആരോപിക്കപ്പെട്ടയാൾ നേരത്തെ തന്നെ മറ്റൊരു വിഷയത്തിൽ ഭാരവാഹിത്വത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നാണ് എസ്.എഫ്.ഐ ഡൽഹി പ്രസിഡന്റ് ഐഷെ ഘോഷും സെക്രട്ടറി മായങ്കും വാർത്താകുറിപ്പിൽ അവകാശപ്പെട്ടത്. എന്നാൽ, ഇയാൾ പിന്നീട് ഹിന്ദു കോളജിൽ തന്നെ എസ്.എഫ്.ഐയിൽ തിരിച്ചെത്തിയതായും വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു. ഹിന്ദു കോളജ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായാണ് ഇതിനെ വിശദീകരിക്കുന്നത്.
ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വജസ് സർവകലാശാലയിൽ(ഇഫ്‌ലു) യൂനിറ്റ് സെക്രട്ടറി സിദ്ദാർത്ഥ് സെൽവരാജിനെതിരെയാണ് ലൈംഗികാതിക്രമം നടത്തിയതായി മറ്റൊരു ആരോപണമുള്ളത്. സർവകലാശാലയിലെ തന്നെ ഒരു വിദ്യാർത്ഥിനിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. വിദ്യാർത്ഥിയുടെ പരാതിക്കു പിന്നാലെ സിദ്ദാർത്ഥിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ എസ്.എഫ്.ഐ നേതൃത്വം നിർബന്ധിതരാകുകയായിരുന്നു. സെക്രട്ടറി സ്ഥാനത്തുനിന്നും യൂനിറ്റ് അംഗത്വത്തിൽനിന്നും ഇയാളെ നീക്കം ചെയ്തതായി എസ്.എഫ്.ഐ ഇഫ്‌ലു വാർത്താകുറിപ്പിൽ അറിയിച്ചു.
പോണ്ടിച്ചേരി സർവകലാശാലയിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് അനന്തപദ്മനാഭനെതിരെയാണ് മറ്റൊരു ലൈംഗിക പരാതി. സർവകലാശാലയിൽ ലൈബ്രറി സയൻസ് വിഭാഗത്തില്‍ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് അനന്തപദ്മനാഭൻ. നിരവധി പെൺകുട്ടികളെയാണ് ഇയാൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെ നേരിട്ട് സോഷ്യല്‍ മീഡിയയില്‍ 'മീ റ്റൂ' കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി നടപടി സ്വീകരിച്ചത്.
പീഡനത്തിനിരയായവരിൽ 17 വയസ് പ്രായമുള്ള കുട്ടികളും ഉൾപ്പെടുമെന്ന് മീറ്റൂ കുറിപ്പിൽ പറയുന്നുണ്ട്. പരാതിയുമായി പരിചയത്തിലുള്ളവരെ സമീപിച്ചപ്പോൾ വേശ്യയായി അധിക്ഷേപിക്കുകയും വ്യക്തിപരമായി അവഹേളിക്കുകയും ചെയ്തതായി പെൺകുട്ടി ആരോപിക്കുന്നു. വിഷയം എന്തിനു പുറത്തുപറഞ്ഞുവെന്നാണ് ഫെമിനിസ്റ്റ് പുരോഗമന നേതാക്കളുടെ പ്രതികരണം. പ്രതിക്കുമുന്നിൽ മുഖം ഉയർത്തിനടക്കുന്നത് ചിലർ ചോദ്യംചെയ്യുകയുണ്ടായെന്നും ഇര വെളിപ്പെടുത്തി.
സംഘടനാവിരുദ്ധ പ്രവർത്തനത്തെ തുടര്‍ന്ന് ചുമതലകളിൽനിന്ന് നീക്കംചെയ്തതെന്നാണ് യൂനിറ്റ് കമ്മിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൂചിപ്പിച്ചത്. ലൈംഗിക പീഡനത്തെക്കുറിച്ച് വാര്‍ത്താകുറിപ്പില്‍ പരാമർശമില്ല. അന്വേഷണ സമിതി കടുത്ത നടപടികൾ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പറയുന്നുണ്ട്. പരാതിക്കാർക്കൊപ്പമാണ് പാർട്ടിയുള്ളതെന്നും ഇരകൾക്ക് നിരുപാധിക പിന്തുണ ഉറപ്പാക്കുന്നതായും വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
Summary: Female students have filed sexual harassment complaints against SFI leaders of three prominent central universities of the country. Serious allegations have been leveled against the unit presidents and secretary of Delhi University, Pondicherry University and Hyderabad EFLU respectively