സോനം വാങ്ചുകിന് ഐക്യദാർഢ്യവുമായി മേധാപട്കർ; ഇന്ന് നിരാഹാര സമരം
|ലഡാക്കിനെ സംസ്ഥാന പദവി നൽകി സംരക്ഷിക്കണമെന്നാണ് ആവശ്യം
ന്യൂഡൽഹി: ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് ഐക്യദാർഢ്യവുമായി മേധാപട്കർ. സോനം വാങ്ചുകിനേയും പ്രവർത്തകരെയും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മേധാപകർ ഇന്ന് നിരാഹാര സമരം നടത്തും. ലഡാക്കിനെ സംസ്ഥാന പദവി നൽകി സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് പരിസ്ഥിതി പ്രവർത്തകർ ഡൽഹിയിലേക്ക് മാർച്ച് നടത്തിയത്.
ലഡാക്കിന് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സോനം വാങ് ചുക് പ്രക്ഷോഭം ആരംഭിച്ചത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ലെ-ഡൽഹി ക്ലൈമറ്റ് മാർച്ചിൽ 120 പേരടങ്ങുന്ന അംഗസംഘം അദ്ദേഹത്തെ അനുഗമിച്ചു. നാലു സംസ്ഥാനങ്ങളിലായി ആയിരത്തിലധികം കിലോമീറ്ററുകൾ കാൽനടയായി വലിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മാർച്ച് മുന്നേറി.
ഇന്ന് ഡൽഹി ഗാന്ധി സ്മൃതി പണ്ഡപത്തിൽ മാർച്ച് സമാപിക്കാൻ ഇരിക്കെയാണ് ഡൽഹി - ഹരിയാന അതിർത്തിയിൽനിന്നും സോനം വാങ്ചുക് അടങ്ങുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടപടിക്കെതിരെ രാഹുൽ ഗാന്ധി അടക്കമുള്ളർ വിമർശനം ഉയർത്തി. സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരെ അർബൻ നക്സലാക്കി ചിത്രീകരിക്കുന്ന സർക്കാർ നടപടികൾക്ക് എതിരെയാണ് മേധ പട്കർ ഇന്ന് നിരാഹാരം ഇരിക്കുക. അഹിംസ മാർഗത്തിലൂടെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിക്കും.