India
മീഡിയവൺ സംപ്രേഷണം തുടരാം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ
India

മീഡിയവൺ സംപ്രേഷണം തുടരാം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

Web Desk
|
15 March 2022 9:33 AM GMT

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി

ന്യൂഡൽഹി: മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് ഇടക്കാല വിധി. ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്.

സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ നടത്താം.' - കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. 'ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. മാധ്യമസ്ഥാപനം എന്ന നിലയില്‍ പരിരക്ഷ അര്‍ഹിക്കുന്നുണ്ട് ' - ബഞ്ച് നിരീക്ഷിച്ചു. ഈ മാസം 26ന് മുമ്പ് കേന്ദ്രം വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഹർജി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമെന്നും ഇടക്കാല ഉത്തരവു വേണമെന്നുമാണ് ഹർജിക്കാർക്കു വേണ്ടി ഹാരജായ ദുഷ്യന്ത് ദവെ വാദിച്ചത്.

'11 വർഷത്തെ ഉത്തരവാദിത്തപരമായ മാധ്യമപ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാണെന്ന് വിലക്കെന്ന് പറയുന്നു. ലൈസൻസിനായി മെയിൽ തന്നെ അപേക്ഷ നൽകിയിട്ടുണ്ട്. ജനുവരിയിലാണ് സുരക്ഷാ കാരണം പറഞ്ഞു വിലക്കുന്നത്. സീൽഡ് കവറാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സീൽഡ് കവറുമായി വരേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ട്.' - ദവെ ചൂണ്ടിക്കാട്ടി.

എന്നാൽ സത്യവാങ്മൂലം നൽകാൻ ഒരാഴ്ച സമയം വേണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. സുരക്ഷാ കാരണങ്ങളാലാണ് ലൈസൻസ് റദ്ദാക്കിയത് എന്നും ഇടക്കാല ഉത്തരവ് നൽകരുതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് ആവശ്യപ്പെട്ടു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സംപ്രേഷണ വിലക്ക് ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി മാനേജ്‌മെന്റ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിനുവേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്രസർക്കാരിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖിയുമാണ് കോടതിയിൽ ഹാജരായത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിനുശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

തുടർന്ന് ഫെബ്രുവരി എട്ടിനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജികൾ തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങൾ സിംഗിൾ ബെഞ്ചിനു കൈമാറിയിരുന്നത്.

ഇതിന് ശേഷമാണ് മാനേജ്‌മെന്റും ജീവനക്കാരും സുപ്രിംകോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയക്കുകയായിരുന്നു. ചാനൽ വിലക്കുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

Similar Posts