എം.ബി.ബി.എസിന് ആര്‍.എസ്.എസ് നേതാക്കളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മധ്യപ്രദേശ്
|വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധവും ധാര്‍മികതയും ഉണര്‍ത്താനാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി
എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് ആര്‍.എസ്.എസ് ആചാര്യന്‍ കെ.ബി ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. എം.ബി.ബി.എസ് ഒന്നാം വര്‍ഷ ഫൗണ്ടേഷന്‍ കോഴ്‌സിന്റെ ഭാഗമായാണ് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് മധ്യപ്രദേശ് വിദ്യഭ്യാസ വകുപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍.എസ്.എസ് സ്ഥാപക നേതാവ് കെ.ബി ഹെഡ്‌ഗെവാര്‍, ഭാരതീയ ജനസംഘ് നേതാവ് ദീന്‍ദയാല്‍ ഉപധ്യായ എന്നിവര്‍ക്ക് പുറമെ സ്വാമി വിവേകാനന്ദയും ബി.ആര്‍ അംബേദ്ക്കറും ഫൗണ്ടേഷന്‍ കോഴ്‌സിലുണ്ടാകും. വിദ്യാര്‍ഥികളില്‍ സാമൂഹ്യബോധവും ധാര്‍മികതയും ഉണര്‍ത്താനാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വിശ്വാസ് സാരങ്ക് പറഞ്ഞു.
ആയുര്‍വേദ ആചാര്യന്‍മാരായ ചരക മഹര്‍ഷിയെ കുറിച്ചും സുശ്രുദനെ കുറിച്ചും വിദ്യാര്‍ഥികളെ പഠിപ്പിക്കും. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഫൗണ്ടേഷന്‍ കോഴ്‌സില്‍ ധാര്‍മികബോധം വളര്‍ത്താനുതകുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍.എം.സി) ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ മഹാന്‍മാരെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ തീരുമാനച്ചതെന്ന സര്‍ക്കാര്‍ പറഞ്ഞു. എന്‍.എം.സിയാണ് എം.ബി.ബി.എസിനുള്ള സിലബസ് തയ്യാറാക്കുന്നത്.
ഹെഡ്‌ഗെവാറും ഉപധ്യായയും വിവേകാനന്ദനും ജീവിതത്തെ കുറിച്ച് വലിയ ദര്‍ശനങ്ങളുള്ളവരായിരുന്നു. ഇവരുടെ ജീവിതം വിദ്യാര്‍ഥികളില്‍ സ്വാധിനം ചെലുത്തുമെന്നും വിശ്വാസ് സാരങ്ക് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
എം.ബി.ബി.എസ് അഡ്മിഷന് ശേഷം ഒരു മാസത്തോളമാണ് ഫൗണ്ടേഷന്‍ ക്ലാസുകള്‍ നടത്തുക. പ്രതിവര്‍ഷം രണ്ടായിരത്തോളം പേരാണ് മധ്യപ്രദേശില്‍ എം.ബി.ബി.എസിന് അഡ്മിഷനെടുക്കുന്നത്.