India
Malayali held for ganja cultivation in Shivamogga, Medical students arrested for Ganja cultivation in flat in Karnataka, Ganja cultivation in flat
India

ഫ്‌ളാറ്റിൽ കൃത്രിമ സൂര്യപ്രകാശം സൃഷ്ടിച്ച് കഞ്ചാവുകൃഷി; മലയാളി ഉൾപ്പെടെ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ

Web Desk
|
25 Jun 2023 1:52 PM GMT

കഞ്ചാവുവിത്ത്, കഞ്ചാവെണ്ണ, ആറ് ടേബിൾ ഫാൻ, രണ്ട് സ്റ്റബിലൈസർ, മൂന്ന് എൽ.ഇ.ഡി ബൾബ്, ഹുക്ക പൈപ്പ് എന്നിവയും മുറിയിൽനിന്ന് പിടിച്ചെടുത്തു

ബംഗളൂരു: ഫ്‌ളാറ്റിൽ കഞ്ചാവുകൃഷി നടത്തിയ കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. വാടകയ്ക്കു താമസിക്കുന്ന ഫ്‌ളാറ്റിനകത്ത് കഞ്ചാവുകൃഷി നടത്തി നാട്ടുകാർക്കിടയിൽ വിൽപന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഇടുക്കി സ്വദേശി വിനോദ്കുമാർ, തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി വിഘ്‌നരാജ്, ധർമപുരി സ്വദേശി പാണ്ടിദുരൈ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വിഘ്‌നരാജാണ് താമസസ്ഥലത്ത് കഞ്ചാവുകൃഷി നടത്തിയിരുന്നത്. ഇയാളിൽനിന്ന് കഞ്ചാവും ലഹരിവസ്തുക്കളും വാങ്ങാനെത്തിയതായിരുന്നു വിനോദും പാണ്ടിദുരൈയുമെന്ന് പൊലീസ് പറഞ്ഞു.

മുറിക്കകത്ത് ടെന്റൊരുക്കിയായിരുന്നു വിഘ്‌നരാജിന്റെ കഞ്ചാവുകൃഷി. പ്രത്യേക ബൾബ് ഉപയോഗിച്ച് കൃത്രിമ സൂര്യപ്രകാശം സൃഷ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്റർനെറ്റിൽനിന്നാണ് കൃഷിരീതിയെക്കുറിച്ച് അറിഞ്ഞതെന്നും കഞ്ചാവുവിത്തുകൾ ഓൺലൈനായി വരുത്തിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. 5,800 രൂപ വിലവരുന്ന 227 ഗ്രാം ഉണങ്ങിയ കഞ്ചാവും 30,000 വിലമതിക്കുന്ന 1.53 കി.ഗ്രാം പച്ച കഞ്ചാവുമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

ഇതിനുപുറമെ പത്ത് ഗ്രാം ചരസ്, കഞ്ചാവുവിത്തുകൾ, കഞ്ചാവെണ്ണ, ഇലക്ട്രിക് തുലാസ്, എക്‌സോസ്റ്റ് ഫാൻ, ആറ് ടേബിൾ ഫാൻ, രണ്ട് സ്റ്റബിലൈസർ, മൂന്ന് എൽ.ഇ.ഡി ബൾബ്, ഹുക്ക പൈപ്പ് എന്നിവയും മുറിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം 19,000 രൂപയുടെ നോട്ടും പൊലീസ് പിടിച്ചെടുത്തു.

Summary: Three medical students including one Malayali held for ganja cultivation in Shivamogga, Karnataka

Similar Posts