ലോകത്തെ ഏറ്റവും ശക്തരായ വനിതകൾ: നിർമല സീതാരാമനൊപ്പം ഫോർബ്സ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യക്കാർ
|ഇന്ത്യയുടെ ധനകാര്യവകുപ്പ് മന്ത്രിയായ നിർമല സീതാരാമൻ ഫോർബ്സ് പട്ടികയിൽ 32ആം റാങ്കിലാണ് ഇടംപിടിച്ചത്
2023-ലെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ബിസിനസ് മാഗസിൻ ഫോർബ്സ്. ഇത്തവണ നാല് ഇന്ത്യൻ വനിതകളാണ് ഫോർബ്സ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ആഗോള വേദികളിൽ ഇന്ത്യയുടെ കരുത്തുറ്റ ശബ്ദമായ വനിതകളാണ് ഫോർബ്സ് പട്ടികയിൽ. പണം, മാധ്യമങ്ങൾ, സ്വാധീനം, സ്വാധീന മേഖലകൾ. എന്നീ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഫോർബ്സ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ആഗോള രംഗത്ത് പ്രതിരോധത്തിന്റെയും നേതൃത്വത്തിന്റെയും മികവിന്റെയും ശക്തമായ പ്രതീകങ്ങളായി നിലകൊള്ളുന്നവരായി ഫോർബ്സ് തെരഞ്ഞെടുത്ത നാല് ഇന്ത്യക്കാർ ആരൊക്കെയെന്ന് അറിയാം
നിർമല സീതാരാമൻ
ഇന്ത്യയുടെ ധനകാര്യവകുപ്പ് മന്ത്രിയായ നിർമല സീതാരാമൻ ഫോർബ്സ് പട്ടികയിൽ 32ആം റാങ്കിലാണ് ഇടംപിടിച്ചത്. ബിജെപിയുടെ മുതിർന്ന നേതാവും 2019 മുതൽ ഇന്ത്യയുടെ ധനകാര്യ- കോർപ്പറേറ്റ് കാര്യ മന്ത്രിയുമാണ്. മൂന്നു തവണ രാജ്യസഭാംഗം, 2017 മുതൽ 2019 വരെ കേന്ദ്ര, പ്രതിരോധ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2017 മുതൽ 2019 വരെ ഇന്ത്യയുടെ 28-ാമത്തെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ വനിത എന്ന പ്രത്യേകത കൂടി ഇവർക്കുണ്ട്.ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ 2022-ലെ പട്ടികയിൽ 36ആം സ്ഥാനത്തായിരുന്നു 64കാരിയായ നിർമല.
റോഷ്നി നാടാർ മൽഹോത്ര
ഇന്ത്യയിലെ പ്രമുഖ കോടീശ്വരിയും മനുഷ്യസ്നേഹിയുമാണ് 42 കാരിയായ റോഷ്നി നാടാർ മൽഹോത്ര. എച്ച്സിഎൽ ടെക്നോളജീസിന്റെ ചെയർപേഴ്സണായ അവർ, ഇന്ത്യയിലെ ഒരു ലിസ്റ്റഡ് ഐടി കമ്പനിയെ നയിക്കുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചു. എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറിന്റെ ഏക മകളാണ്. ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് (2019) പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി അവർ അംഗീകരിക്കപ്പെട്ടു. 2019ൽ 54-ാം സ്ഥാനവും 2020-ൽ 55-ാം സ്ഥാനവും 2023-ൽ 60-ാം സ്ഥാനവും നേടിയ മൽഹോത്ര ലോകത്തിലെ ഏറ്റവും ശക്തയായ വനിതകളിൽ ഫോബ്സിന്റെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
സോമ മൊണ്ടൽ
60 കാരിയായ സോമ മൊണ്ടൽ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിലവിലെ ചെയർപേഴ്സണാണ്. ഭുവനേശ്വറിൽ ജനിച്ച സോമ 1984 ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2023 ലെ ETprime വിമൻ ലീഡർഷിപ്പ് അവാർഡുകളിൽ 'സിഇഒ ഓഫ് ദ ഇയർ' ആയി ആദരിക്കപ്പെട്ടു. ഫോർബ്സ് പട്ടികയിൽ അവർ 70-ാം സ്ഥാനത്താണ്.
കിരൺ മജുംദാർ-ഷാ
70കാരിയായ കിരൺ മജുംദാർ-ഷാ ഒരു പ്രമുഖ ഇന്ത്യൻ ശതകോടീശ്വര സംരംഭകയാണ്.ബാംഗ്ലൂരിലെ ബയോകോൺ ലിമിറ്റഡിന്റെയും ബയോകോൺ ബയോളജിക്സ് ലിമിറ്റഡിന്റെയും സ്ഥാപകയാണ് കിരൺ മജുംദാർ-ഷാ. ബയോടെക്നോളജി കമ്പനികളിലെ റോളിന് പുറമേ, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മുൻ ചെയർപേഴ്സണായിരുന്നു അവർ.ശാസ്ത്രത്തിനും രസതന്ത്രത്തിനും നൽകിയ സംഭാവനകൾക്ക് 2014-ലെ ഒത്മർ ഗോൾഡ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മജുംദാർ-ഷായ്ക്ക് ലഭിച്ചിട്ടുണ്ട്.