India
ജനസംഖ്യാ ജിഹാദ് തടയണം: ജന്തര്‍ മന്ദറില്‍ വര്‍ഗീയ മുദ്രാവാക്യം മുഴക്കിയത് ഇവരാണ്..
India

'ജനസംഖ്യാ ജിഹാദ് തടയണം': ജന്തര്‍ മന്ദറില്‍ വര്‍ഗീയ മുദ്രാവാക്യം മുഴക്കിയത് ഇവരാണ്..

Web Desk
|
10 Aug 2021 4:35 PM GMT

രാജ്യത്തെ രക്ഷിക്കാൻ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ഉത്തം ഉപാധ്യായ

പാർലമെന്‍റിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ജന്തർ മന്ദറിൽ ഈ ഞായറാഴ്ച മുസ്‍ലിം വിരുദ്ധ മുദ്രാവാക്യം മുഴങ്ങി. മുൻ ബിജെപി വക്താവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ഒത്തുകൂടിയത്.

പരിപാടിയുടെ സംഘാടകര്‍ മുന്നോട്ടുവെച്ചത് അഞ്ച് ആവശ്യങ്ങളാണ്- ജനസംഖ്യാ നിയന്ത്രണം, ഏകീകൃത സിവിൽ കോഡ്, എല്ലാ മതവിശ്വാസികള്‍ക്കും തുല്യ വിദ്യാഭ്യാസം, അനധികൃത കുടിയേറ്റവും മതപരിവർത്തനവും നിയന്ത്രിക്കല്‍. എന്നാൽ പ്രതിഷേധക്കാർ ഈ പരിപാടിയുടെ മറവില്‍ വിദ്വേഷവും മുസ്‍ലിം വിരോധവും പ്രചരിപ്പിച്ചു.

അന്ന് വര്‍ഗീയ മുദ്രാവാക്യം മുഴക്കിയവരില്‍ ഒരാള്‍ ഗാസിയാബാദ് സ്വദേശിയായ 26 വയസ്സുകാരന്‍ ഉത്തം ഉപാധ്യായ ആണ്. ജയ് ശ്രീറാം വിളിച്ച് ഉത്തം ഉപാധ്യായ പറഞ്ഞത് മുസ്‍ലിംകളുടെ എണ്ണം കുറയ്ക്കണമെന്നാണ്. രാജ്യത്തെ രക്ഷിക്കാൻ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ഉത്തം ഉപാധ്യായ പിന്നീട് ന്യൂസ് ലോണ്‍ട്രിയോട് പറഞ്ഞു. മുസ്‍ലിംകളില്‍ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നിർത്തുക, അപ്പോൾ മാത്രമേ നമുക്ക് അവരെ തകർക്കാൻ കഴിയൂ എന്നാണ് ഉത്തം ഉപാധ്യായ പറഞ്ഞത്.

മുസ്‌ലിംകൾക്കും അവരുടെ വിശ്വാസത്തിനും എതിരെ പതിവായി വിഷം ചീറ്റുന്ന യതി നരസിംഹാനന്ദ് സരസ്വതിയാണ് തനിക്ക് പ്രചോദനമെന്ന് ഉത്തം ഉപാധ്യായ പറഞ്ഞു. പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചതിന് ഡൽഹി പൊലീസ് യതി നരസിംഹാനന്ദ് സരസ്വതിക്കതിരെ നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ മാസം വെള്ളം കുടിക്കാൻ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചതിന് ഒരു മുസ്‍ലിം ബാലനെ യതി നരസിംഹാനന്ദിന്‍റെ അനുയായികൾ ക്രൂരമായി ആക്രമിക്കുകയും ചെയ്തു.

ഞായറാഴ്ച നടന്ന യോഗത്തിൽ ഹിന്ദു ആർമി എന്ന ഗ്രൂപ്പിലെ അംഗമായ സുശീൽ തിവാരിയും ഉണ്ടായിരുന്നു. പരിപാടിയുടെ ഭാഗമാകാൻ ലഖ്‌നൗവിൽ നിന്നാണ് തിവാരി ഡൽഹിയിലെത്തിയത്. ഇന്ത്യയിലെ മുസ്‍ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിക്കുകയാണെന്ന് സുശീൽ തിവാരി ആരോപിച്ചു- "അവർ 10 വിവാഹങ്ങളും 50 കുട്ടികളുമാണ് ഉദ്ദേശിക്കുന്നത്. 18 വർഷത്തിന് ശേഷം ഇവ വോട്ടുകളായി മാറും. ജനസംഖ്യാ നിയന്ത്രണ നിയമത്തിലൂടെ മാത്രമേ ജനസംഖ്യാ ജിഹാദ് തടയാൻ കഴിയൂ. കൂടുതൽ കുട്ടികളുള്ളവര്‍ക്ക് വോട്ടവകാശം അനുവദിക്കരുത്".

പരിപാടിക്കിടെ പൊലീസ് ജന്തർ മന്ദറിൽ ഉണ്ടായിരുന്നെങ്കിലും വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടും അവർ ആ സമയത്ത് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് സംഭവ വിവാദമായപ്പോള്‍ "അജ്ഞാതരായ വ്യക്തികൾ"ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോവിഡ് സാഹചര്യത്തില്‍ പരിപാടി നടത്താൻ സംഘാടകർക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പിന്നീട് അശ്വിനി ഉപാധ്യായയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുന്നതിനുമുമ്പ് അശ്വിനി ഉപാധ്യായ പറഞ്ഞത് വര്‍ഗീയ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് തനിക്ക് അറിയില്ലെന്നാണ്. താന്‍ മാര്‍ച്ച് നടക്കുന്ന സ്ഥലത്ത് നിന്ന് നേരത്തെ മടങ്ങിയിരുന്നു. പൊലീസിന് താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അശ്വിനി ഉപാധ്യായ പറഞ്ഞു.

Related Tags :
Similar Posts