![patna opposition meeting, rahul gandi,mamata banerjee patna opposition meeting, rahul gandi,mamata banerjee](https://www.mediaoneonline.com/h-upload/2023/06/23/1376075-patna-opposition-meeting.webp)
'മോദിക്കെതിരെ ഒന്നിച്ച് പോരാടും'; പ്രഖ്യാപനവുമായി പ്രതിപക്ഷം, ആദ്യ യോഗം സമാപിച്ചു
![](/images/authorplaceholder.jpg?type=1&v=2)
അടുത്തയോഗം ഷിംലയിൽ ജൂലൈ രണ്ടാം വാരം സംഘടിപ്പിക്കും
ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം പട്‌നയിൽ സമാപിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് പ്രഖ്യാപിച്ചാണ് യോഗം സമാപിച്ചത്. ആശയപരമായ വ്യത്യസങ്ങൾ ഉണ്ടെങ്കിലും ഒന്നിച്ച് നിൽക്കണമെന്നതാണ് നേതാക്കൾക്കിടയിലെ ധാരണ. ബിജെപിയുടെ ഏകാധിപത്യ ഭരണം ഇല്ലാതാക്കാൻ പ്രതിപക്ഷം ഒന്നിക്കേണ്ടതിന്റെ അനിവാര്യത ബോധ്യമായെന്ന തിരിച്ചറിവിലാണ് യോഗം ചേർന്നതെന്ന് നേതാക്കൾ ഒരേ സ്വരത്തിൽപറഞ്ഞു.
ഒന്നിച്ചുനിൽക്കാൻ സമവായത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ആക്രമിക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുപോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി എന്ത് രാഷ്ട്രീയനിലപാട് സ്വീകരിച്ചാലും പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു. ചരിത്രം തിരുത്തിയ ഒട്ടേറെ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ച പട്‌നയിൽ തുടക്കമിട്ട പുതിയ പോരാട്ടവും വിജയം കാണും. പ്രതിപക്ഷമെന്ന് വിളിക്കേണ്ടെന്നും തങ്ങൾ പൗരന്മാരും ദേശീയവാദികളുമെന്നും മമത കൂട്ടിച്ചേർത്തു.
ബിജെപിയുടെയും ആർഎസ്എസിന്റെയും ഹിന്ദുത്വ അജണ്ടകൾ, തടയാൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
ഒന്നിച്ചിരിക്കാൻ അവസരമൊരുക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നന്ദി പറഞ്ഞു. ഇന്നുണ്ടായത് ഗുണാത്മക ചർച്ചകളാണെന്നും വിശാലമായ ചർച്ചകൾക്കായി വീണ്ടും യോഗംചേരുമെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ അടുത്തയോഗം ഷിംലയിൽ ജൂലൈ രണ്ടാം വാരം സംഘടിപ്പിക്കും.
എൻസിപി അധ്യക്ഷൻ ശരത് പവാർ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്, സമാജവാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പിഡിപി നേതാവ് മെഹബൂബ മുഫ്തി, ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ശിവസേന നേതാവ് ഉദ്ദവ് താക്കറെ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.