India
മേഘാലയയില്‍ പരക്കെ അക്രമം; ആഭ്യന്തര മന്ത്രി രാജിവച്ചു
India

മേഘാലയയില്‍ പരക്കെ അക്രമം; ആഭ്യന്തര മന്ത്രി രാജിവച്ചു

Web Desk
|
16 Aug 2021 4:35 AM GMT

അക്രമത്തെ തുടർന്ന് ഷില്ലോങ്ങിൽ 2 ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു

മുൻ വിമത നേതാവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കലാപമുണ്ടായതിനെ തുടർന്ന് മേഘാലയ ആഭ്യന്തര മന്ത്രി ലഖ്മെൻ റിംബുയി രാജിവെച്ചു. അക്രമത്തെ തുടർന്ന് ഷില്ലോങ്ങിൽ 2 ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. എസ്.എം.എസ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് എന്നിവ താല്‍ക്കാലികമായി വിച്ഛേദിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

"നിയമപരമായ നടപടികൾ മറികടന്ന് മുൻ വിമത നേതാവ് ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്‍റെ വസതിയിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടു" എന്ന് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്തിൽ പറഞ്ഞു.ഈ വിഷയത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണവും ലഖ്മെൻ റിംബുയി നിർദ്ദേശിച്ചു, ആഭ്യന്തര (പൊലീസ്) വകുപ്പിൽ നിന്നും താൻ രാജിവയ്ക്കുന്നതായും ഇത് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ എടുക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് 13നാണ് വിമത നേതാവ് ചെറിഷ്സ്‌റ്റാർഫീൽഡ് തങ്കിയൂ അദ്ദേഹത്തിന്‍റെ വസതിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ഷില്ലോങ്ങിന്‍റെ ചില ഭാഗങ്ങളിൽ സംഘർഷാവസ്‌ഥ നിലനിൽക്കുന്നുണ്ട്. നൂറുകണക്കിന് ആളുകളാണ് കറുത്ത വസ്‍ത്രങ്ങളും കറുത്ത പതാകകളും വഹിച്ചുകൊണ്ട്, തങ്കിയൂവിന്‍റെ ശവസംസ്‌കാര ഘോഷയാത്രയിൽ പങ്കെടുത്തത്.അക്രമങ്ങളുടെ തുടര്‍ച്ചയായി മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ വീടിനു നേരെ ആക്രമണമുണ്ടായി. ഞായറാഴ്ച രാത്രി അജ്ഞാതര്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു.

Similar Posts