13,500 കോടി രൂപയുടെ തട്ടിപ്പ്: മെഹുൽ ചോക്സിയെ പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് ഒഴിവാക്കി ഇന്റർപോൾ
|2018ലാണ് ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്
ആന്റിഗ്വ: 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി ഒളിവിൽ പോയ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ പേര് പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് ഇന്റർപോൾ ഒഴിവാക്കി. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതോടെ മെഹുൽ ചോക്സിക്ക് ലോകത്ത് എവിടെയും സഞ്ചരിക്കാനാകും.
2018ലാണ് ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാൽ തന്നെ റോ ഏജന്റുമാരെന്ന് കരുതുന്ന രണ്ടുപേർ ആന്റിഗ്വയിൽ നിന്ന് ഡൊമിനിക്ക റിപ്പബ്ലിക്കിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അടുത്തിടെ മെഹുൽ ചോക്സി ആന്റിഗ്വ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് ഇന്ത്യൻ സർക്കാറിന് തിരിച്ചടിയായി.ഇതിന് പിന്നാലെയാണ് ഇന്റർപോളിന്റെ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റുന്നത്.
അന്റിഗ്വൻ പൗരത്വം സ്വീകരിച്ച ചോക്സിയെ ഇയാളെ കൈമാറാൻ ഇന്ത്യ ആന്റിഗ്വയോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ റെഡ് നോട്ടീസിൽ നിന്ന് പേര് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചോക്സി കഴിഞ്ഞവർഷം ഇന്റർപോളിനെയും സമീപിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് കേസ് അന്വേഷണം നടത്തുന്ന സി.ബി.ഐ പ്രതികരിച്ചിട്ടില്ല.പിടികിട്ടാപ്പുള്ളിപ്പട്ടയിൽ നിന്ന് പേര് നീക്കിയതോടെ ചോക്സിയെ ഇന്ത്യയിലെത്തിക്കാനുള്ള സിബിഐയുടെ നീക്കങ്ങൾക്ക് തിരിച്ചടിയാകും.