India
യു.പിയിൽ നടുറോഡിൽ തോക്കുകൾ പിടിച്ച് നൃത്തം ചെയ്തും മദ്യപിച്ചും ആകാശത്തേക്ക് വെടിവച്ചും യുവാക്കൾ; പിടികൂടാതെ പൊലീസ്
India

യു.പിയിൽ നടുറോഡിൽ തോക്കുകൾ പിടിച്ച് നൃത്തം ചെയ്തും മദ്യപിച്ചും ആകാശത്തേക്ക് വെടിവച്ചും യുവാക്കൾ; പിടികൂടാതെ പൊലീസ്

Web Desk
|
5 Feb 2023 2:42 PM GMT

അന്വേഷണത്തിൽ കാറുടമയെ തിരിച്ചറിയുകയും ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഗാസിയാബാദ്: ആഢംബര കാറിൽ പാട്ടുവച്ച് നടുറോഡിൽ മദ്യപിച്ചും തോക്കുകൾ പിടിച്ച് നൃത്തം ചെയ്തും ആകാശത്തേക്ക് വെടിയുതിർത്തും യുവാക്കൾ. ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ ഇന്ദിരാപുരം പൊലീസ് സ്റ്റേഷൻ പരിസരത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നടത്തിയ അന്വേഷണത്തിൽ കാറുടമയെ തിരിച്ചറിയുകയും ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഒരു കൂട്ടം യുവാക്കൾ റോഡിന് നടുവിൽ തോക്കുകൾ പിടിച്ചു നിൽക്കുന്നതും മദ്യപിക്കുന്നതും ഡാൻസ് കളിക്കുന്നതും വീഡിയോയിൽ കാണാം. കാറിൽ ഉച്ചത്തിൽ പാട്ടുവച്ച ശേഷമാണ് യുവാക്കളുടെ പ്രകടനം. മറ്റൊരാൾ കാറിൽ ഇരുന്ന് തോക്കിൽ വെടിയുണ്ട നിറയ്ക്കുന്നതും വാഹനത്തിലിരുന്ന് ആകാശത്തേക്ക് വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം.

കാറിന്റെ നമ്പർപ്ലേറ്റ് പരിശോധിച്ച പൊലീസ് ചിരഞ്ജീവ് വിഹാർ സ്വദേശിയായ രാജാ ചൗധരിയാണ് ഡ്രൈവറെന്ന് തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തതായും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

വീഡിയോയിൽ ആളുകളേയും വാഹനവും വ്യക്തമായി തിരിച്ചറിയാമെന്നിരിക്കെ യുവാക്കളിലാരെയും ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാവാത്തതിൽ വിമർശനം ശക്തായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഇതേ റോഡിന് നടുവിൽ നൃത്തം ചെയ്തതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് ഗതാഗതം തടസപ്പെടുത്തി ഹൈവേയിൽ കാർ പാർക്ക് ചെയ്ത ശേഷം നൃത്തം ചെയ്തത്.

സെപ്തംബറിൽ ഈ റോഡിൽ പിറന്നാൾ ആഘോഷം നടത്തി ബഹളം വച്ചതിന് എട്ട് ആഡംബര കാറുകളുമായി 21 പേരെ അറസ്റ്റ് ചെയ്തിരുന്നു. കാറിന്റെ ബോണറ്റിൽ കേക്ക് മുറിക്കുന്നതും ഉച്ചത്തിൽ സംഗീതം ആലപിക്കുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.

ഡൽഹി- ഗാസിയാബാദ് അതിർത്തിയിലെ യു.പി ഗേറ്റിനെ രാജ് നഗർ എക്സ്റ്റൻഷനുമായി ബന്ധിപ്പിക്കുന്ന ഗാസിയാബാദ് എലെവേറ്റഡ് റോഡ് 2018 മാർച്ചിലാണ് ഉദ്ഘാടനം ചെയ്തത്.

Similar Posts