'മ്യാവൂ മ്യാവൂ': ആദിത്യ താക്കറെയുടെ അയോധ്യ സന്ദർശനത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ്
|ഒരു ജനപ്രിയ ഹിന്ദി പഴഞ്ചൊല്ല് ഉപയോഗിച്ചാണ് റാണ ആദിത്യയുടെ പേര് പരാമർശിക്കാതെ യുവ മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്
ഡല്‍ഹി: മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കെറെയുടെ അയോധ്യ സന്ദര്‍ശനത്തെ പരിഹസിച്ച് ബി.ജെ.പി എം.എല്‍.എ നിതേഷ് റാണ. ഒരു വ്യക്തിയുടെ കാപട്യത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ജനപ്രിയ ഹിന്ദി പഴഞ്ചൊല്ല് ഉപയോഗിച്ചാണ് റാണ ആദിത്യയുടെ പേര് പരാമർശിക്കാതെ യുവ മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
''നൂറ് പാപങ്ങള്‍ ചെയ്ത ശേഷം പൂച്ച അയോധ്യയിലേക്ക്..മ്യാവൂ..മാവ്യൂ'' എന്നായിരുന്നു എം.എല്‍.എയുടെ ട്വീറ്റ്. ശിവസേനയുടെ ഭാവി നേതാവായി അവതരിപ്പിക്കുന്ന 32കാരനായ ആദിത്യ താക്കറെയുടെ ആദ്യ ഏകാംഗ സന്ദർശനമായതിനാൽ അദ്ദേഹത്തിന്റെ അയോധ്യ സന്ദർശനത്തിന് പ്രാധാന്യമുണ്ട്.നേരത്തെ, പിതാവ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കൊപ്പം ആദിത്യ അയോധ്യ സന്ദർശിച്ചിരുന്നു. അയോധ്യയിലെത്തുന്ന ആദിത്യ താക്കറെ ഇന്ന് വൈകിട്ട് 5.30ന് രാമക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. പിന്നീട് സരയൂ നദിയുടെ തീരത്തെ ആരതിയിലും അദ്ദേഹം പങ്കെടുക്കും. അതിനുശേഷം അദ്ദേഹം ലഖ്നൗവിലെത്തി മുംബൈയിലേക്ക് മടങ്ങുകയും ചെയ്യും.അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രവും ലക്ഷ്മൺ കില്ലയും താക്കറെ സന്ദർശിക്കും.
ആരാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി കൂടുതൽ യോജിച്ച് നിൽക്കുന്നതെന്ന് ബി.ജെ.പിയും താക്കറെയുടെ പാർട്ടിയായ ശിവസേനയും പരസ്പരം അധിക്ഷേപങ്ങൾ നടത്തുന്ന സമയത്താണ് റാണെയുടെ ട്വീറ്റ്. അഴിമതിയും ക്രമക്കേടും ആരോപിച്ച് ഇരുപാർട്ടികളും പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി ഹിന്ദുത്വയിൽ നിന്ന് അകന്നുപോകുന്നുവെന്ന് ആരോപിച്ച സേന, ബി.ജെ.പിയുടെ ഹിന്ദുത്വം വ്യാജമാണെന്ന് പ്രതികരിച്ചു.