മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുടെ സെറിബ്രല്‍ പാള്‍സി ബാധിതനായ മകന്‍ മരിച്ചു
|നാദെല്ല കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരാനും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താനും കമ്പനി ജീവനക്കാരോട് അഭ്യര്‍ഥിച്ചു
മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയുടെയും അനു നാദെല്ലയുടെയും മകന്‍ സെയ്‍ന്‍ നാദെല്ല(26) അന്തരിച്ചു. സെറിബ്രല്‍ പാള്‍സി ബാധിതനായ സെയ്‍ന്‍ തിങ്കളാഴ്ചയാണ് മരിച്ചതെന്ന് കമ്പനി ഇ-മെയിലിലൂടെ അറിയിച്ചു. നാദെല്ല കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരാനും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്താനും കമ്പനി ജീവനക്കാരോട് അഭ്യര്‍ഥിച്ചു.
2014-ൽ മൈക്രോസോഫ്റ്റിന്‍റെ സി.ഇ.ഒ ആയി ചുമതലയേറ്റ ശേഷം 54 കാരനായ സത്യ നാദെല്ല, വികലാംഗരായ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ഉൽപന്നങ്ങൾ രൂപകൽപന ചെയ്യുന്നതിലേക്ക് കമ്പനിയെ നയിച്ചിരുന്നു. സെയിനെ സഹായിക്കുന്നതിനും കൂടിയായിരുന്നു ഇത്. സെയ്‍നെ കൂടുതല്‍ കാലം ചികിത്സിച്ചിരുന്ന ചില്‍ഡ്രന്‍സ് ആശുപത്രിയുമായി സഹകരിച്ച് നാദെല്ല കുടുംബം 2021ല്‍ സെയ്‍ന്‍ നാദെല്ല എന്‍ഡോവ്ഡ് ചെയര്‍ ആരംഭിച്ചിരുന്നു. "സംഗീതത്തിലുള്ള അദ്ദേഹത്തിന്‍റെ അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനും അവനെ സ്‌നേഹിച്ച എല്ലാവർക്കും അദ്ദേഹം നൽകിയ അപാരമായ സന്തോഷം എന്നിവയാൽ സെയ്‌ൻ ഓർമ്മിക്കപ്പെടും'' ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന്‍റെ സി.ഇ.ഒ ജെഫ് സ്‌പെറിംഗ് പറഞ്ഞു.