കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണമെന്ന് വ്യാജപ്രചാരണം; തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനെതിരെ കേസ്
|അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് കേസ്
ചെന്നൈ: തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ആക്രമണമുണ്ടായെന്ന പ്രചാരണത്തിൽ ഡിഎംകെക്ക് പങ്കുണ്ടെന്ന് ആരോപിച്ച തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ അണ്ണാമലൈക്കെതിരെ കേസെടുത്തു. അക്രമത്തിന് ആഹ്വാനം ചെയ്തുവെന്നുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. വ്യാജപ്രചാരണം നടത്തിയതിന് ബിജെപി വക്താവിനെതിരെയും കഴിഞ്ഞദിവസവും കേസെടുത്തിരുന്നു.
അക്രമത്തിന് പ്രേരിപ്പിക്കുക, രണ്ടുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സൈബർ ക്രൈം ഡിവിഷൻ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുത്തിരിക്കുന്നത്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അവരുടെ സഖ്യകക്ഷി നേതാക്കളുമാണ് കുടിയേറ്റ തൊഴിലാളികൾക്കെതിരെ പ്രചാരണം നടത്തിയതെന്ന് അണ്ണാമലൈ തമിഴ്‌നാട് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രസ്താവന ഇറക്കിയിരിക്കുന്നു.
'തമിഴ്നാട്ടിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് നിരാശാജനകമാണ്. ഞങ്ങൾ, തമിഴ് ജനത, 'ലോകം ഒന്നാണ്' എന്ന ആശയത്തിൽ വിശ്വസിക്കുന്നു.വിഘടനവാദവും വിദ്വേഷവും അംഗീകരിക്കാനാവില്ലെന്ന്' അണ്ണാമലൈ ട്വീറ്റ് ചെയ്തു. ഉത്തരേന്ത്യക്കാരെക്കുറിച്ച് ഡിഎംകെയുടെ എംപിമാരും മന്ത്രിമാരും നീചമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
അണ്ണാമലൈക്ക് പുറമെ ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവുവും രണ്ട് മാധ്യമപ്രവർത്തകരുമടക്കം നാല് പേർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പൊലീസ് മേധാവിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.