ഓൺലൈനിൽ വാങ്ങിയ പാൽ കേടായി; റീഫണ്ടിന് ശ്രമിച്ച വൃദ്ധക്ക് നഷ്ടമായത് 77,000 രൂപ
|വൃദ്ധയെ തട്ടിപ്പിനിരയാക്കിയത് കസ്റ്റമർ കെയർ ജീവനക്കാരൻ
ബംഗളൂരു: ഓൺലൈൻ വഴി മോശം പാൽ ലഭിച്ചതിന് പിന്നാലെ റീഫണ്ടിന് ശ്രമിച്ച 65കാരിക്ക് നഷ്ടമായത് 77,000 രൂപ. ഓർഡർ ചെയ്ത പാൽ കയ്യിലെത്തും മുമ്പ് തന്നെ കേടായതാണെന്ന് മനസിലാക്കിയ വൃദ്ധ ഓൺലൈൻ വിൽപന ആപ്പിൽ നിന്നും കസ്റ്റമർ കെയർ നമ്പർ തെരഞ്ഞെടുത്ത് വിളിക്കുകയായിരുന്നു. പലചരക്ക് പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീഫാണെന്ന് പറഞ്ഞ് ഫോൺ എടുത്തയാളാണ് വൃദ്ധയെ തട്ടിപിനിരയാക്കിയത്.
തനിക്ക് ലഭിച്ച പാൽ കേടായതാണെന്ന് പറഞ്ഞ വൃദ്ധ അത് തിരിച്ചുകൊണ്ടുപോവാൻ ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ പാൽ നശിപ്പിച്ചുകൊള്ളാനും റീഫണ്ട് തുക നൽകാമെന്നും ജീവനക്കാരൻ മറുപടി നൽകി.
തുടർന്ന് വൃദ്ധയുടെ ഫോണിലേക്ക് തട്ടിപ്പുകാരൻ തന്റെ യുപിഐ ഐഡി അയച്ചു. ഇതിന് പിന്നാലെ യുപിഐ ആപ്പിൽ കയറി പാസ്സ്‌വേഡ് അടിക്കാനും ആവശ്യപ്പെട്ടു. തട്ടിപ്പാണെന്ന് മനസിലാക്കാൻ സാധിക്കാതെ വൃദ്ധ തന്നോട് പറഞ്ഞത് അനുസരിക്കുകയായിരുന്നു. പിന്നീട് വൃദ്ധയുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയായിരുന്നു.
ഉടൻ തന്നെ തട്ടിപ്പുകാരൻ ഫോൺ കട്ട് ചെയ്തു. താൻ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ വൃദ്ധ ഉടൻ തന്നെ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തട്ടിപ്പുകാരന്റെ ആക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കി.