കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം വേണമെന്ന ഹരജിയിൽ സുപ്രിംകോടതി വിശദമായ വാദം കേൾക്കും
|ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ചീഫ് വിപ്പിന്റെയും പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹരജിയിൽ വിശദമായ വാദം കേൾക്കാൻ സുപ്രിംകോടതി തീരുമാനം. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക. ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ചീഫ് വിപ്പിന്റെയും പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിവിധ കാലഘട്ടങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പേഴ്‌സണൽ സ്റ്റാഫ് നിയമനം നടത്തിയതെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ കെ.ഹരിരാജും എ.കാർത്തിക്കും വാദിച്ചു.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും പേഴ്‌സണൽ സ്റ്റാഫ് നിയമനത്തെ വിമർശിച്ച് ഗവർണറും രംഗത്തെത്തിയിരുന്നു.