18 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും പത്ത് ആപ്പുകൾക്കും വിലക്കേർപ്പെടുത്തി കേന്ദ്രം
|നിരവധി വെബ്‌സൈറ്റുകൾക്കും സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെയും നടപടിയുണ്ട്
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിച്ച 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും പത്ത് ആപ്പുകൾക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.ഇതിനൊപ്പം 19 വെബ്‌സൈറ്റുകൾക്കും 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്..
അശ്ലീലദൃശ്യങ്ങൾക്കൊപ്പം സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പല പ്ലാറ്റ്ഫോമുകളും വിഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം, അവിഹിത കുടുംബ ബന്ധങ്ങൾ എന്നിങ്ങനെയുള്ള തലക്കെട്ടുകളിൽ വിഡിയോ കണ്ടന്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം അനുചിതമായ സന്ദർഭങ്ങളിൽ നഗ്നതയും ലൈംഗിക പ്രവർത്തികളും ഉൾപ്പെടുത്തിയതിനുമാണ് നടപടി.
ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292 ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. നടപടിക്ക് വിധേയമായ ഒ.ടി.ടി ആപ്പുകളിലൊന്ന് ഒരു കോടിയിലധികം ഡൗൺലോഡുകൾ ഉള്ളതാണ്. മറ്റ് രണ്ടെണ്ണത്തിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ 50 ലക്ഷത്തിലധികം ഡൗൺലോഡ് ഉണ്ട്. പ്രേക്ഷകരെ അവരുടെ വെബ്‌സൈറ്റുകളിലേക്കും ആപ്പുകളിലേക്കും ആകർഷിക്കാൻ ലക്ഷ്യമിട്ട് പുറത്തുവിട്ട ട്രെയിലറുകൾ, വിഡിയോ ക്ലിപ്പിങ്ങുകൾ, ലിങ്കുകൾ എന്നിവ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും നടപടിയുണ്ട്.
ഫേസ്ബുക്കിലെ 12 അക്കൗണ്ടുകൾക്കെതിരെയാണ് നടപടി. ഇൻസ്റ്റാഗ്രാമിൽ 17, എക്സിൽ 16, യൂട്യൂബിൽ 12 എന്നിങ്ങനെയാണ് നടപടി നേരിട്ട അക്കൗണ്ടുകളുടെ എണ്ണം. ഗൂഗിൾ പ്ലേ സ്റ്റോറിലെ ഏഴും ആപ്പിൾ ആപ്പ് സ്‌റ്റോറിലെ മൂന്നും ഉൾപ്പടെ 10 ആപ്പുകൾക്കെതിരെയാണ് നടപടി.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അൺകട്ട് അഡാ, ട്രൈ ഫ്ലിക്കുകൾ, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ബേഷാരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാമൂഡ്, ന്യൂഫ്ലിക്സ്, മൂഡ് എക്സ്, Mojflix,ഹോട്ട് ഷോട്ട്സ് വിഐപി, ഫ്യൂഗി,ചിക്കൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നടപടി നേരിട്ട ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ. സർഗാത്മക ആവിഷ്‌കാരത്തിന്റെ മറവിലാണ് അശ്ലീലവും അസഭ്യവും പ്രചരിപ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.