തേനീച്ചക്കുത്തേറ്റ് നാലും ആറും വയസായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം; മുത്തശ്ശിക്ക് പരിക്ക്
|മുത്തശ്ശി തന്റെ പേരക്കുട്ടികൾക്കൊപ്പം പുറത്തുപോയ സമയത്താണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.
ലഖ്നൗ: സഹോദരങ്ങളായ ആൺകുട്ടികൾക്ക് തേനീച്ചകളുടെ കുത്തേറ്റ് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ മങ്കാപുർ മേഖലയിലെ മദ്നാപൂർ ഗ്രാമത്തിലാണ് സംഭവം. നാല് വയസുകാരൻ യുഗ്, ആറും വയസുകാരൻ യോഗേഷ് എന്നീ സഹോദരങ്ങളാണ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മരിച്ചത്.
ഇവരുടെ മുത്തശ്ശി ഉത്തമ (65) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉത്തമ തന്റെ പേരക്കുട്ടികൾക്കൊപ്പം പുറത്തുപോയ സമയത്താണ് തേനീച്ചക്കൂട്ടം അവരെ ആക്രമിച്ചതെന്ന് എസ്എച്ച്ഒ സുധീർ കുമാർ സിങ് പറഞ്ഞു.
തുടർന്ന് മൂന്നു പേരെയും കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും അവിടെ വച്ച് യുഗ് മരിച്ചു. യോഗേഷിനെയും ഉത്തമയെയും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ, ചികിത്സയിലിരിക്കെ യോഗേഷും മരിക്കുകയായിരുന്നു. അതേസമയം ഉത്തമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.