യു.പിയിൽ അധ്യാപകൻ ബലാത്സംഗം ചെയ്ത് ചികിത്സയിലിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു; പ്രതി ഒളിവിൽ
|ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല.
ലഖ്നൗ: ഉത്തർപ്രദേശിൽ അധ്യാപകന്റെ ക്രൂര ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. സോൻഭദ്ര ജില്ലയിലെ ഡുദ്ധി ഗ്രാമത്തിലാണ് സംഭവം. പീഡനത്തിനു പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് 20 ദിവസമായി വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 14കാരി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിൽ പ്രതിയായ വിശംബർ എന്ന അധ്യാപകൻ ഒളിവിലാണ്. ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. സ്‌കൂളിൽ സ്‌പോർട്‌സ് ഇൻസ്‌ട്രക്ടറായി ജോലി ചെയ്തിരുന്ന പ്രതി, പെൺകുട്ടിയെ ഒരു കായിക മത്സരത്തിൽ പങ്കെടുക്കാൻ വിളിക്കുകയും തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് കുടുംബം പറയുന്നു.
എന്നാൽ നാണക്കേട് ഭയന്ന് പെൺകുട്ടി ആരോടും ഒന്നും പറഞ്ഞില്ലെന്നും സംഭവത്തിന് ശേഷം അവളുടെ ആരോഗ്യം ക്രമേണ വഷളായതായും കുടുംബം പറഞ്ഞു. ഒരിക്കൽ, ബന്ധുക്കളെ സന്ദർശിക്കാൻ ഛത്തീസ്ഗഢിലേക്ക് പോയ പെൺകുട്ടിയെ അവിടെ ചികിത്സിച്ചെങ്കിലും ആരോഗ്യനിലയിൽ മാറ്റമുണ്ടായില്ല. തുടർന്ന്, പെൺകുട്ടി അമ്മായിയോട് സംഭവം പറയുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനിടെ, സംഭവം പുറത്തുപറയാതിരിക്കാൻ പ്രതി തങ്ങൾക്ക് 30,000 രൂപ നൽകിയതായും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. നാണക്കേട് ഭയന്ന് ബലാത്സംഗ വിവരം തങ്ങളും അധികൃതരെ അറിയിച്ചില്ല. എന്നാൽ ഇരയുടെ ആരോഗ്യനില വീണ്ടും വഷളായതിനെ തുടർന്ന് പിതാവ്, യു.പിയിലെ ബലിയ നിവാസിയായ വിശംബറിനെതിരെ ജൂലൈ 10ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടാൻ രണ്ട് സംഘങ്ങളെയും രൂപീകരിച്ചു. ഇയാളെ ഉടൻ പിടികൂടുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്നതിൽ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഈ സംഭവവും പുറത്തുവരുന്നത്.