17കാരിയേയും ദലിത് യുവാവിനേയും വീട്ടുകാർ വെട്ടിക്കൊന്ന് പുഴയിലെറിഞ്ഞു
|സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനേയും മൂന്ന് ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളുരു: ദലിത് യുവാവിനെ പ്രണയിച്ചതിന് കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ബാഗൽകോട്ടിൽ 24കാരനെയും 17കാരിയെയും പെൺകുട്ടിയുടെ വീട്ടുകാർ വെട്ടിക്കൊലപ്പെടുത്തി. വിശ്വനാഥ് നെൽഗി, രാജേശ്വരി എന്നിവരാണ് മരിച്ചത്. തുടർന്ന് മൃതദേഹങ്ങൾ പുഴയിലെറിഞ്ഞു.
രണ്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. യുവാവ് പിന്നാക്ക ജാതിക്കാരനായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇതിനെ എതിർത്തിരുന്നു. ജാതിയുടെ പേരിൽ നേരത്തെ ഇരു കുടുംബങ്ങളും തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു. മകനെ കുറിച്ച് വിവരമില്ലാത്തതായതോടെ വീട്ടുകാർ നരഗുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനേയും മൂന്ന് ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്ന് പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ എറിഞ്ഞതായും ഇവ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ബാഗൽകോട്ട് എസ്.പി ജയപ്രകാശ് അറിയിച്ചു.
പെൺകുട്ടിയുടെ വീട്ടുകാർ ഉയർന്ന ജാതിയായ കുറുബ വിഭാഗക്കാരും യുവാവ് വാൽമീകി സമുദായത്തിൽപ്പെട്ടയാളുമാണെന്ന് പൊലീസ് പറഞ്ഞു. പ്രണയവിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ കാസർകോട് ജോലി ചെയ്തിരുന്ന വിശ്വനാഥിനെ ബന്ധപ്പെടുകയും മകളിൽ നിന്ന് അകന്നുനിൽക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാർ അവളെ മംഗളൂരുവിൽ നിന്നും കണ്ടെത്തി തിരികെ കൊണ്ടുവന്നു. എന്നാൽ വിശ്വനാഥിനെ വിവാഹം കഴിക്കുമെന്ന നിലപാടിൽ പെൺകുട്ടി ഉറച്ചുനിന്നു. ഒടുവിൽ വിവാഹാലോചനയ്ക്കായി വിശ്വനാഥിനെ വിളിച്ചുവരുത്താൻ വീട്ടുകാർ പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
ഒക്ടോബർ ഒന്നിന് പുലർച്ചെ പെൺകുട്ടി വിശ്വനാഥിനെ വിളിക്കുകയും വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. വരുന്നവഴി അച്ഛനും ബന്ധുക്കളും രണ്ട് വാഹനങ്ങളിലായി കാത്തുനിൽക്കുകയും നരഗുണ്ടിൽ വച്ച് കണ്ടുമുട്ടുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് വിശ്വനാഥിനെ വാഹനത്തിനുള്ളിൽ വച്ച് മർദിച്ച് കൊല്ലുകയും മകളെ മറ്റൊരു കാറിൽ വച്ച് ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
പിന്നീട് ഹനഗുണ്ടിനടുത്ത് വച്ച് നദിയിൽ എറിഞ്ഞു. മത്സ്യങ്ങൾക്കും മുതലകൾക്കും തിന്നാനായി പ്രതികൾ മൃതദേഹങ്ങളിൽ നിന്ന് മനഃപൂർവം വസ്ത്രങ്ങൾ നീക്കം ചെയ്തതായും പാെലീസ് കൂട്ടിച്ചേർത്തു. തുടർന്ന് സെപ്തംബർ 28ന് വീടുവിട്ടിറങ്ങിയ മകൾ പിന്നീട് തിരിച്ചുവന്നിട്ടില്ലെന്ന് പറഞ്ഞ് ഒക്ടോബർ ഏഴിന് പിതാവ് ബാഗൽകോട്ട് റൂറൽ പാെലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ, പെൺകുട്ടിയും അവളുടെ പിതാവും ബന്ധുവും വിശ്വനാഥും തമ്മിൽ ഒക്ടോബർ ഒന്നു വരെ ഫോൺ കോളുകൾ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെ സംശയം തോന്നിയ പൊലീസ് പിതാവിനെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.