ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടെന്ന് തീരുമാനം
|കര്‍ഷകരുടെ കൊലപാതകത്തില്‍ തനിക്കോ മകനോ പങ്കില്ലെന്നാണ് അജയ് മിശ്രയുടെ വാദം. സംഭവം നടന്ന ഞായറാഴ്ച വൈകുന്നേരം ഞങ്ങള്‍ രണ്ടുപേരും ലഖിംപൂരില്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വാഹനം പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊണ്ടുപോയിരുന്നത്. അവരെ കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നു.
ലഖിംപൂരില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം. മിശ്ര ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വം മിശ്രയുടെ രാജിവേണ്ടെന്ന തീരുമാനത്തിലെത്തിയത്.
കര്‍ഷകരുടെ കൊലപാതകത്തില്‍ തനിക്കോ മകനോ പങ്കില്ലെന്നാണ് അജയ് മിശ്രയുടെ വാദം. സംഭവം നടന്ന ഞായറാഴ്ച വൈകുന്നേരം ഞങ്ങള്‍ രണ്ടുപേരും ലഖിംപൂരില്‍ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വാഹനം പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊണ്ടുപോയിരുന്നത്. അവരെ കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നു. ഞങ്ങളുടെ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അജയ് മിശ്ര പറഞ്ഞു.
അതേസമയം അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് കര്‍ഷകരുടെ വാദം. ഇതിന്റെ വീഡിയോ കര്‍ഷകര്‍ പുറത്തുവിട്ടിരുന്നു. അജയ് മിശ്ര രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
ഉത്തർപ്രദേശിലെ ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള പ്രമുഖ നേതാവാണ് അജയ് മിശ്ര. അദ്ദേഹത്തെ രാജിവെപ്പിച്ചാൽ ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടാവുമെന്ന ഭയം ബി.ജെ.പി നേതൃത്വത്തിനുണ്ട്. അതുകൊണ്ടാണ് മിശ്രയെ തിരക്കിട്ട് രാജിവെപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.